ചെങ്ങന്നൂർ: ആലാ വില്ലേജിലെ വിവിധ ഭാഗങ്ങളിൽ നിന്നും മല ഇടിച്ച് മണ്ണെടുക്കുകയും തണ്ണിർത്തടങ്ങൾ നികത്താൻ ശ്രമിക്കുകയും ചെയ്ത മണ്ണുമാന്തിയെന്ത്രങ്ങളും ടിപ്പർ ലോറികളും റവന്യൂ ഉദ്യോഗസ്ഥർ പിടികൂടി. കോടുകുളഞ്ഞി പാറച്ചന്തക്ക് സമീപത്തുനിന്നും ടിപ്പറും മണ്ണുമാന്തിയും പൂമലച്ചാൽ നികത്താനുളള ശ്രമത്തിനിടെ രണ്ട് ടിപ്പർ ലോറികളുമാണ് റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
നിരോധനം കാറ്റിൽ പറത്തി പൂമലച്ചാൽ നികത്തൽ
അനധികൃത നിലം നികത്തലിന് ആലാ വില്ലേജ് സ്റ്റോപ്പ് മെമ്മോ നൽകിയ പൂമലച്ചാൽ പൊലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് മണ്ണ്, മണൽ മാഫിയാ സംഘം ആറ് സെന്റിലധികം നികത്തി. പൂമലച്ചാലിന്റെ അവശേഷിക്കുന്ന തണ്ണീർത്തടങ്ങളാണ് ഇപ്പോൾ നികത്തുന്നത്. റവന്യു ഉദ്യോഗസ്ഥർ ഇവിടെ എത്തുമ്പോഴും നിർച്ചാൽ നികത്തുന്ന തിരക്കിലായിരുന്നു മാഫീയാ സംഘം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് ടിപ്പർ ലോറികളും റവന്യു ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആല, വെണ്മണി പഞ്ചായത്തുകളിലെ വിവിധ മലകൾ ഇടിച്ചാണ് ഇവിടേക്ക് മണ്ണ് എത്തിക്കുന്നത്. ഇതുമൂലം ഈ പഞ്ചായത്തുകളിൽ കുടിവെളള ക്ഷാമം രൂക്ഷമാണ്. മുൻപ് കൊഴുവല്ലൂരിൽ നിന്നും വൻതോതിൽ ബോക്സൈറ്റ് കലർന്ന മണ്ണ് തമിഴ്നാട്ടിലേക്ക് കടത്തിയിരുന്നു. ഇത്തരം ധാതു നിക്ഷേപമുളള മലകൾ ഇന്ന് മണ്ണ് മാഫിയാ സംഘത്തിന്റെ പിടിയിലമർന്ന് അപ്രത്യക്ഷമായി.
കോടുകുളഞ്ഞിയിൽ മണ്ണെടുപ്പ് വ്യാപകം
ആലാ വില്ലേജിലെ കോടുകുളഞ്ഞി ഫെഡറൽ ബാങ്കിന് സമീപന് നിന്നും പാറച്ചന്തയ്ക്ക് പോകുന്ന ഭാഗത്തു നിന്നും അനധികൃതമായി മണ്ണ് കടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ആർ.ഡി.ഒ യുടെ നിർദ്ദേശപ്രകാരം തഹസിൽദാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് അനധികൃതി മണ്ണുകടത്തും നിലംനികത്തലും കണ്ടെത്തിയത്. ഡെപ്യൂട്ടി തഹസിൽദാർ താജുദ്ദീനും സംഘവുമാണ് ഇന്നലെ വാഹനങ്ങൾ പിടികൂടിയത്.
മണ്ണ്മാഫിയായെ നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡ്
താലൂക്കിൽ അനധികൃത മണ്ണെടുപ്പും മണൽവാരലും നിരീക്ഷിക്കുന്നതിനും ഇവരെ പിടികൂടുന്നതിനും ആർ.ഡി.ഒ അതുൽ സ്വാമിനാഥിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ തഹസിൽദാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി തഹസിൽദാർ ആഭിലാഷ് ,ആല വില്ലേജ് ആഫീസർ കെ.ആർ മോഹൻകുമാർ, എസ്.വി.ഒ. ലൈസൽ എന്നിവർ അടങ്ങുന്ന സംഘമാണ് മണ്ണുകടത്താനുപയോഗിച്ച വാഹനങ്ങൾ പിടികൂടിയത്. ആർ.ഡി.ഒയുടെ നിർദ്ദേശ പ്രകാരം സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.