ശബരിമല : പുതുവർഷപ്പുലരിയിൽ കലിയുഗ വരദനായ അയ്യപ്പസ്വാമിയുടെ ദർശനപുണ്യം തേടി ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശന സുകൃതം തേടി പതിനായിരങ്ങളാണ് ഇരുമുടിക്കെട്ടുമായി ഇന്നലെ പുലർച്ചെ മുതൽ ഇടമുറിയാതെ മലകയറി സന്നിധാനത്ത് എത്തിയത്. ശരണവഴികളെ അയ്യപ്പമന്ത്രത്തിൽ അലിയിച്ച് വലുതും ചെറുതുമായ ആയിരക്കിന് തീർത്ഥാടക സംഘമാണ് മലചവിട്ടിയത്. എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നു. ഒരുവർഷത്തേക്കുള്ള ഐശ്വര്യ സമ്പൂർണ്ണവും സമ്പദ് സമൃദ്ധിയുമുണ്ടാകാൻ അയ്യപ്പസ്വാമിയെ കൺനിറയെ കണ്ട്പ്രാർത്ഥിക്കണം. മലചവിട്ടിയെത്തിയ എല്ലാവരും ഈ ആഗ്രഹവും സാധിച്ചാണ് മലയിറങ്ങിയത്. പുലർച്ച മൂന്നിന് നട തുറന്നപ്പോൾ അയ്യപ്പൻമാരുടെ നീണ്ട നിര വലിയ നടപ്പലും കടന്നിരുന്നു. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചപ്പോഴും പടികയാറാൻ കാത്തുനിന്നവുടെ നിര വലിയ നടപ്പന്തൽ വരെ നീണ്ടു. വൈകിട്ട് നട തുറന്നപ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ഹരിവരാസനം പാടി നട അടയ്ക്കുന്നതുവരെ ഒരേ പോലെ ഭക്തർ ഒഴുകിയെത്തുകയായിരുന്നു.
മകരവിളക്ക് തീർത്ഥാനത്തിന് നട തുറന്ന ശേഷം ആദ്യമായാണ് ഇത്രയും തിരക്ക് അനുഭവപ്പെട്ടത്. ഒരുലക്ഷത്തോളം തീർത്ഥാാടകർ ഇന്നലെ ദർശനത്തിന് എത്തിയെന്നാണ് കണക്ക്. രാത്രി വൈകിയും ദർശന ഭാഗ്യം തേടിയെത്തുന്നവരുടെ തിരക്കിന് കുറവില്ല. തരക്ക് വർദ്ധിച്ചതോടെ മരക്കൂട്ടത്ത് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.