sabarimala-

ശബരിമല : ശബരിമല സന്നിധാനത്ത് എത്തിയ രണ്ട് യുവതികൾ ഇന്നലെ പുലർച്ചെ അയ്യപ്പ ദർശനം നടത്തിയതിനെത്തുടർന്ന് ഒരു മണിക്കൂറോളം നട അടച്ചിട്ട് ശുദ്ധിക്രിയയ്ക്ക് ശേഷം തുറന്ന സംഭവം സംസ്ഥാനത്ത് പലയിടത്തും വ്യാപകമായ അക്രമങ്ങൾക്കും ലാത്തിച്ചാർജിനും ഇടയാക്കി.

രണ്ട് യുവതികൾ ദർശനം നടത്തിയ വിവരം ഒൗദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചതോടെ വിവിധ രാഷ്ട്രീയ നേതാക്കൾ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നു. ശബരിമല കർമ്മ സമിതി ഇന്ന് സംസ്ഥാന ഹർത്താലിന് ആഹ്വാനം നടത്തുകയും ചെയ്തു.

തലശേരി സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ കോഴിക്കോട് ഇടക്കുളം നിളയിൽ ബിന്ദു അമ്മിണി (41), മലപ്പുറം പെരിന്തൽമണ്ണ കൃഷ്ണപുരത്ത് കനകദുർഗ (40) എന്നിവരാണ് സുപ്രീംകോടതി യുവതീപ്രവേശനം അനുവദിച്ചശേഷം ആദ്യമായി സന്നിധാനത്ത് ദർശനം നടത്തിയത്. മഫ്തി പൊലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി എത്തിയ യുവതികൾ 5 മിനിട്ടിനകം ദർശനം നടത്തി മലയിറങ്ങി. ഇന്നലെ പുലർച്ചെ 3.45നാണ് യുവതികൾ എത്തിയത്. ഇവർക്കൊപ്പം നാല് പുരുഷൻമാരുമുണ്ടായിരുന്നു. ഒരുമണിയോടെ പമ്പയിൽ എത്തിയ ഇവർക്ക് മഫ്തി പൊലീസ് സുരക്ഷ ഒരുക്കി. ഇരുമുടിക്കെട്ടില്ലാതെ ശരണപാതയിലൂടെ കാൽനടയായി 3.45ന് ശബരിമലയിൽ എത്തിയ സംഘം പതിനെട്ടാം പടി ഒഴിവാക്കി വടക്കേ നടയിലെ സ്റ്റാഫ് ഗേറ്റ് വഴിയാണ് മുകളിൽ എത്തിയത്. കൊടിമരത്തിന് മുന്നിലൂടെ കയറി ശ്രീകോവിലിന് മുന്നിൽ നിന്ന് അയ്യപ്പ ദർശനം നടത്തി. തുടർന്ന് മാളികപ്പുറത്തും ദർശനം നടത്തി 4.10 ഓടെ കാൽനടയായി സ്വാമി അയ്യപ്പൻ റോഡിലൂടെ ഇവർ മലയിറങ്ങി പമ്പയിൽ എത്തി. ഇതിനിടെ വഴിയരികിലെ കടകളിലും മറ്റും കയറി സാധനങ്ങൾ വാങ്ങിയെങ്കിലും ആരും ഇവരെ തിരിച്ചറിഞ്ഞില്ല. യുവതികളുടെ സന്ദർശനം സന്നിധാനം പൊലീസും രഹസ്യാന്വേഷണ ഏജൻസികളും അറിഞ്ഞിരുന്നില്ല.

10.30ന് അടച്ചു , 11.08ന് തുറന്നു

യുവതീ പ്രവേശനത്തെ തുടർന്ന് അശുദ്ധി ആരോപിച്ച് തന്ത്രി കണ്ഠര് രാജീവരുടെ നിർദ്ദേശാനുസരണം മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി 10.30ന് ക്ഷേത്ര നട അടച്ചു. പുണ്യാഹവും ശുദ്ധിക്രിയകളും ബിംബശുദ്ധിയും നടത്തി 11.08ന് നട തുറന്നു. 11.22 മുതൽ ദർശനം പുനരാരംഭിച്ചു. തുടർന്നുള്ള ചടങ്ങുകൾ പതിവ്പോലെ നടന്നു. കഴിഞ്ഞ മാസം ഇവർ ദർശനത്തിന് എത്തിയപ്പോൾ ഭക്തരുടെ പ്രതിഷേധം മൂലം മരക്കൂട്ടത്ത് നിന്ന് മടങ്ങിപ്പോകേണ്ടി വന്നിരുന്നു. സർക്കാർ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തങ്ങൾ വീണ്ടും ദർശനത്തിന് എത്തിയതെന്നും സുരക്ഷ ഒരുക്കാൻ സാധിക്കില്ലെങ്കിൽ സ്വയം മുന്നോട്ടുപോകുമെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്നതായും ഇവർ പറഞ്ഞു. തീർത്ഥാടനകാലം തുടങ്ങിയതുമുതൽ നിരവധി യുവതികൾ എത്തിയിരുന്നെങ്കിലും ആർക്കും വലിയ നടപ്പന്തലിന് അപ്പുറം കടക്കാൻ കഴിഞ്ഞിരുന്നില്ല.