sabarimala

ശബരിമല: സുപ്രീംകോടതി വിധി വന്നിട്ടും ശബരിമല ദർശനത്തിന് യുവതികൾ കാത്തിരുന്നത് 95 ദിവസം. പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ച് നടത്തിയ നീക്കത്തിലൂടെ പുതുവർഷത്തിൽ വിധി നടപ്പാക്കാൻ കഴിഞ്ഞത് സർക്കാരിന് നേട്ടമായി. വിധി വന്നശേഷം 20 ഒാളം യുവതികൾ ശബരിമലയിലേക്ക് പുറപ്പെട്ടെങ്കിലും ശക്തമായ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി. പ്രതിഷേധ നാളുകളിലേക്ക് ഒരു മടക്കം.

2018 സെപ്തംബർ 28 : യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ഒക്ടോബർ 17 : തുലാമാസപൂജയ്‌ക്ക് നടതുറന്നു. ആന്ധ്ര സ്വദേശിനിയായ മാധവി (42) മാതാവിനും മകൾക്കുമൊപ്പം ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തി. ഒന്നര കിലോമീറ്ററോളം മലകയറിയെങ്കിലും പ്രതിഷേധം കാരണം തിരിച്ചിറങ്ങി.

ഒക്ടോബർ 19 : ന്യൂയോർക്ക് ടൈംസിന്റെ ദക്ഷിണേഷ്യൻ ലേഖിക സുഹാസി നിരാജ് സഹപ്രവർത്തകനൊപ്പം മലകയറി മരക്കൂട്ടം വരെയെത്തിയെങ്കിലും കല്ലേറും പ്രതിഷേധവും കാരണം മടങ്ങി. പിന്നാലെ ആന്ധ്രയിലെ മോജോ ചാനൽ ലേഖിക കവിതയും ചുംബനസമര നായിക രഹ്ന ഫാത്തിമയും ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ വലിയനടപ്പന്തലിന് സമീപംവരെ എത്തി. നടയടച്ചിടുമെന്ന തന്ത്രിയുടെ ഭീഷണിയും പ്രതിഷേധവും കാരണം തിരിച്ചിറങ്ങി.

ഒക്ടോബർ 20 : ദർശനത്തിനെത്തിയ തൃച്ചി സ്വദേശിയായ ലതയുടെ (52) പ്രായത്തിൽ സംശയംതോന്നി വലിയനടപ്പന്തലിൽ വൻ പ്രതിഷേധം. ആധാർ കാർഡ് കാട്ടി വയസ് വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞു. കോഴിക്കോട് സ്വദേശി രേഖ പൊലീസ് സഹായം തേടിയെങ്കിലും സംരക്ഷണം നൽകിയില്ല.

നവംബർ 6 : ചിത്തിര ആട്ടത്തിരുനാൾ ദിവസം. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിനി ലളിതയുടെ (52) പ്രായത്തിൽ സംശയം തോന്നി പ്രതിഷേധം. ലളിതയ്ക്കും സഹോദരീ പുത്രൻ മൃദുലിനും (22) മർദ്ദനമേറ്റു. പ്രതിഷേധം ശമിപ്പിക്കാൻ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പൊലീസിന്റെ മെഗാഫോണുമായി പതിനെട്ടാംപടിയിൽ കയറി പുറംതിരിഞ്ഞ് നിന്നത് വിവാദമായി. കഴക്കൂട്ടം സ്വദേശിനി മേരിസ്വീറ്റി പമ്പയിൽ എത്തിയെങ്കിലും പൊലീസ് സംരക്ഷണത്തിന് വിസമ്മതിച്ചതോടെ മടങ്ങി.

ഡിസംബർ 18: ട്രാൻസ് ജെൻഡറുകൾ വരുന്നതിൽ ആചാരലംഘനമില്ലെന്ന തന്ത്രി, പന്തളം കൊട്ടാരം എന്നിവരുടെ അഭിപ്രായത്തെ തുടർന്ന് 4 പേർ ദർശനം നടത്തി.

ഡിസംബർ 23 : ചെന്നൈയിൽ നിന്നെത്തിയ 11 അംഗ മനിതി സംഘം ദർശനത്തിന് ശ്രമിച്ചു. ശക്തമായ പ്രതിഷേധം കാരണം പമ്പയിൽ നിന്ന് മടങ്ങി.

ഡിസംബർ 24 : ഇന്നലെ ദർശനം നടത്തിയ അഡ്വ. ബിന്ദുവും കനക ദുർഗയും പൊലീസ് സംരക്ഷണയിൽ മരക്കൂട്ടവും പിന്നിട്ട് ചന്ദ്രാനന്ദൻ റോഡുവരെ എത്തി. പ്രതിഷേധത്തെ തുടർന്ന് മലയിറങ്ങി.