പത്തനംതിട്ട : ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ജില്ലയിൽ എല്ലായിടത്തും ശബരിമല കർമസമിതിയുടെയും ബി.ജെ.പി പ്രവർത്തകരുടെയും വ്യാപക പ്രതിഷേധം. പലയിടത്തും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കോന്നി, റാന്നി, കോഴഞ്ചേരി, തിരുവല്ല തുടങ്ങിയ പലഭാഗങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണം നടന്നു. ആക്രമണത്തെ ഭയന്ന് ഉച്ചയ്ക്ക് ശേഷം സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല. പ്രധാന റോഡുകളെല്ലാം ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. ജില്ലയിൽ എല്ലായിടത്തും നിർബന്ധിതമായി കടകൾ അടപ്പിച്ചു. കടയടയ്ക്കാൻ ചിലവ്യാപാരികൾ തയ്യാറാകാത്തതിനാൽ ബലം പ്രയോഗിച്ച് കടയടപ്പിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകർ പിരിഞ്ഞു പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.