തിരുവല്ല: ശബരിമല ആചാരലംഘനത്തിനെതിരെ ബി.ജെ.പിയും ശബരിമല കർമ സമിതിയുടെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിവീശി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു മുന്നിൽ കട അടപ്പിക്കുന്നതിനിടയിൽ സമരക്കാരും കട ഉടമയും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുർന്ന് ഉന്തും തള്ളും നടക്കുന്നതിനിടെ പൊലീസ് എത്തി ലാത്തി വീശുകയായിരുന്നു. ഇതേ തുർന്ന് പ്രവർത്തകർ നാലുപാടും ചിതറി ഓടി. പിന്നീട് വീണ്ടും ഇവർ ഒന്നിച്ചെത്തി നഗരത്തിലെ മുഴുവൻ കടകളും നിർബന്ധപൂർവം അടപ്പിക്കുകയായിരുന്നു. സർവീസ് നടത്തിയ ബസുകളും തടഞ്ഞിട്ടു. ഇതോടെ സ്വകാര്യ ബസുകളും കാർ, ഓട്ടോറിക്ഷകളും പണിമുടക്കിയതോടെ ജനങ്ങൾ വലഞ്ഞു. ഹോട്ടലുകൾ ഉൾപ്പെടെ അടച്ചതോടെ ഭക്ഷണമോ വെള്ളമോ കിട്ടാതെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. പൊടിയാടിയിലും വിവിധ സ്ഥാപനങ്ങൾ അടപ്പിച്ചു. ഉച്ചയ്ക്ക്‌ശേഷം പ്രകടനത്തിന് നേതൃത്വം നൽകിയ നിരണം താലൂക്ക് പ്രചാർ പ്രമുഖ് സുമേഷ് കുമാർ, നിരണം ഖണ്ഡ് കാര്യവാഹ് ബി.രതീഷ്, ബി.എം.എസ് കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീഷ് കുമാർ, പി.ടി.മോഹിന്ദ്, രാഹുൽ രാമചന്ദ്രൻ, സതീഷ് കുമാർ, ബി.മണിയൻ പൊലീസ് എന്നിവരെ അറസ്റ്റ് ചെയ്തു.