bjp

അടൂർ : ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ അടൂരും പരിസരവും ഹർത്താലിൽ അമർന്നു. സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചതോടെ യാത്രക്കാർ പെരുവഴിയിലായി. കെ.എസ്.ആർ.ടി.സി യുടെ സർവീസുകൾ മാത്രമായിരുന്നുആശ്രയം. പ്രതിഷേധക്കാർ കടകളും ബാങ്കുകളും അടപ്പിച്ച് പ്രകടനമായി മുന്നേറി. എന്നാൽ കടതുറക്കാൻ തയാറാകുന്ന വ്യാപാരികൾക്ക് സംരക്ഷണം നൽകാൻ ഡി.വൈ.എഫ്.ഐ,സി.പി.എം പ്രവർത്തകർ നഗരത്തിൽ തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസിന്റെയും സി.പി.എം നേതാക്കളുടെയും ഇടപെടൽ കാരണം അനിഷ്ടസംഭവങ്ങൾ ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ബി.ജെ.പിയുടെയും ശബരിമല കർമ്മസമിതിയുടേയും പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചു. കെ.എസ്.ആർ.ടി.സി ബസുകളും അൽപ്പനേരം നിർത്തിവച്ചെങ്കിലും പിന്നീട് പുന:രാരംഭിച്ചു. ഒാർക്കാപ്പുറത്തുണ്ടായ ഹർത്താൽ കാരണം യാത്രക്കാർ വലഞ്ഞതിനൊപ്പം ഹോട്ടൽ ഉടമകൾക്കും വലിയ നഷ്ടമുണ്ടായി. അടൂരിൽ നിന്ന് നീങ്ങിയ പ്രകടനം സെൻട്രൽ ജംഗ്ഷന് കിഴക്കുവരെ എത്തി വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. ആട്ടോറിക്ഷക്കാർ അൽപ്പനേരം സർവീസ് നിറുത്തിയെങ്കിലും പിന്നീട് പുന:സ്ഥാപിച്ചു.