പത്തനംതിട്ട : ശബരിമലയിൽ യുവതികൾ പ്രതിഷേധിച്ചതിനെ തുടന്ന് ശബരിമല കർമ്മ സമിതിയുടേയും ബി.ജെ.പിയുടേയും നേതൃത്വത്തിൽ പ്രവർത്തകർ ദേവസ്വം ബോർഡ് അസിസ്റ്റന്റ്കമ്മീഷണർ ഓഫീസിന്റെ ഗേറ്റിൽ കരിങ്കൊടി കെട്ടി റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. ഇന്നലെ ഓഫീസ് അവധിയായതിനാൽ ജീവനക്കാരില്ലായിരുന്നു. ഓഫീസിന് മുമ്പിൽ കൂടിയ പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പിരിഞ്ഞു പോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ജനറൽ സെക്രട്ടറി കെ. അശോക് കുമാർ, കെ.ജി. പ്രകാശ്, സുരേഷ്ബാബു, അജിഅയ്യപ്പ, സുഭാഷ്, സതീഷ് എന്നിവരടക്കം 15 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രകടനത്തിന് ഇലന്തൂർ ഹരിദാസ്, അജയൻ, പി.ഡി.പത്മകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.