ചെങ്ങന്നൂർ : ശബരിമല യുവതീ പ്രവേശത്തെ തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ ഹർത്താൽ പ്രതീതി. രാവിലെ തന്നെ ഹോട്ടലും മെഡിക്കൽ സ്‌റ്റോറുകളും ഒഴികെയുള്ള കടകളും വ്യാപാരസ്ഥാപനങ്ങളും പ്രതിഷേധക്കാർ അടപ്പിച്ചു. സ്വകാര്യ ബസുകൾ സർവ്വീസ് നിറുത്തി. കെ.എസ്.ആർ.ടി.സിയുടെ പമ്പാ സർവീസ് ഒഴികെയുള്ളവ തടസപ്പെട്ടു. വി.എസ്. ശിവകുമാർ എം.എൽ.എയുടെ വാഹനവും തടഞ്ഞു. ചെങ്ങന്നൂരിലും മാന്നാറിലും പെട്രോൾ പമ്പുകൾ അടക്കം പ്രതിഷേധക്കാർ അടപ്പിച്ചു.

യുവതികൾ പ്രവേശിച്ചെന്ന വാർത്ത പുറത്ത് വന്ന് അരണിക്കൂറിനുള്ളിൽ പഞ്ചായത്ത് കേന്ദ്രങ്ങളിലും നഗരത്തിലും ശബരിമല കർമ്മസിമിതിയുടെയും ബി.ജെ.പിയുടെയും പ്രവർത്തകർ സംഘടിച്ചു. തിരുവൻവണ്ടൂർ, പാണ്ടനാട്, മാന്നാർ, ചെറിയനാട്, മുളക്കുഴ, കാരയ്ക്കാട്, പുലിയൂർ തുടങ്ങിയ പ്രധാന കവലകളിൽ പ്രകടനവും ഉപരോധവും നടന്നു. ചെങ്ങന്നൂർ നഗരത്തിൽ മൂന്നു ഭാഗങ്ങളിലായിട്ട് വനിതകൾ അടക്കമുള്ള പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു.
അരമണിക്കൂറോളം നീണ്ട ഉപരോധത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. പൊലീസ് ബലം പ്രയോഗിച്ചാണ് സ്ത്രീകൾ അടക്കമുള്ള പ്രവർത്തകരെ നീക്കിയത്. ചെങ്ങന്നൂരിലും മാന്നാറിലും പ്രതിഷേധക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും കോലം കത്തിച്ചു.
റോഡ് ഉപരോധത്തിന് മഹിളാ മോർച്ചാ നേതാവ് കലാരമേശ്, ജയശ്രീ ആലാ,സിനി ബിജു, അനിത കുമാരി, വി.ആർ. രാജശേഖരൻ, ജി.ബിജു. സതീഷ് ചെറുവല്ലൂർ, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, അനുകൃഷ്ണൻ കാരയ്ക്കാട്, എൻ. സനു എന്നിവർ നേതൃത്വം നൽകി.