ശബരിമല: യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുമുറ്റത്തും പതിനെട്ടാംപടിക്ക് താഴെയും ഇന്നലെ ഉച്ച മുതൽ തീർത്ഥാടകരെ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കുന്നില്ല. വിരിവയ്ക്കുന്നതിനും നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇളവുണ്ടായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്തേക്ക് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നു. നിലയ്ക്കൽ, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ ഇന്റലിജൻസ് ഡി.ഐ.ജി എസ്. സുരേന്ദ്രന്റെയും സന്നിധാനത്ത് കോഴിക്കോട് റൂറൽ എസ്.പി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവ് എന്നിവരുടെയും പമ്പയിൽ കെ.എ.പി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് കാർത്തികേയൻ ഗോകുലചന്ദ്രൻ, ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണൻ എന്നിവരുടെയും നേതൃത്വത്തിലാണ് സുരക്ഷ.