ശബരിമല : യുവതീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ സംഘർഷം ഇന്നലെ സന്നിധാനത്തെ ബാധിച്ചില്ല. ഹർത്താൽ ദിനമായിട്ടും ഒരു ലക്ഷം തീർത്ഥാടകർ എത്തിയെന്നാണ് കണക്ക്. പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു.
ഇന്നലെ പുലർച്ചെ നിർമ്മാല്യ ദർശനത്തിന് നട തുറന്നപ്പോൾ തീർത്ഥാടകരുടെ നിര വലിയ നടപ്പന്തലും കവിഞ്ഞ് പുറത്തേക്ക് നീണ്ടിരുന്നു. ഉച്ചയ്ക്ക് നട അടയ്ക്കും വരെ തീർത്ഥാടക പ്രവാഹമായിരുന്നു. വൈകിട്ട് മൂന്നിന് നട തുറന്നപ്പോൾ ദർശനം കാത്തു നിന്നവരുടെ നിര മാളികപ്പുറത്തെ നടപ്പന്തലും ഫ്ളൈ ഓവറും പിന്നിട്ട് പാണ്ടിത്താവളം റോഡിലേക്ക് നീണ്ടു. തിരക്ക് വർദ്ധിച്ചതോടെ മരക്കൂട്ടത്തും തീർത്ഥാടന പാതകളിലും പൊലീസ് പരിശോധന ശക്തമാക്കി. പമ്പയിൽ നിയന്ത്രണവുമുണ്ട്.
നിരോധനാജ്ഞയ്ക്ക് പുറമേ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ തുടങ്ങിയ കേന്ദ്രങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കി. നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസിൽ ഉൾപ്പെടെ യുവതികളുണ്ടോയെന്ന് പൊലീസ് ചോദിക്കുന്നുണ്ട്. ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന സംഘങ്ങളെ ചോദ്യം ചെയ്ത് മലയിലേക്ക് വിടുന്നുണ്ടെങ്കിലും പ്രത്യേക നിരീക്ഷണത്തിലാക്കുന്നുണ്ട്. സന്നിധാനത്തും പതിനെട്ടാംപടിക്ക് താഴെയും മറ്റ് സുരക്ഷിത മേഖലകളിലും ഇന്നലെ തീർത്ഥാടകരെ തങ്ങാൻ അനുവദിച്ചില്ല.
നിലയ്ക്കൽ, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ ഇന്റലിജൻസ് ഡി.ഐ.ജി എസ്. സുരേന്ദ്രനും സന്നിധാനത്ത് കോഴിക്കോട് റൂറൽ എസ്.പി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവ് എന്നിവർക്കും പമ്പയിൽ കെ.എ.പി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് കാർത്തികേയൻ ഗോകുലചന്ദ്രൻ, ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണൻ എന്നിവർക്കുമാണ് സുരക്ഷാ ചുമതല.