ശബരിമല: രണ്ടു യുവതികളുടെ ശബരിമല പ്രവേശനത്തിനു പിന്നാലെ കൂടുതൽ യുവതികൾ ദർശനത്തിന് എത്തുന്നെന്ന അഭ്യൂഹങ്ങളെ തുടർന്ന് പമ്പ മുതൽ സന്നിധാനം വരെ തീർത്ഥാടന പാതയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. യുവതികളെ തടയാൻ സന്നിധാനത്തും തീർത്ഥാടന പാതയിൽ പലേടത്തും പ്രതിഷേധക്കാർ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ പൊലീസിനെ അറിയിച്ചിരുന്നു.
ബിന്ദുവും കനകദുർഗ്ഗയും മഫ്തി പൊലീസിന്റെ സഹായത്തോടെ ബുധനാഴ്ച പുലർച്ചെ ദർശനം നടത്തി മടങ്ങിയതിനു ശേഷം, അന്നു രാത്രി തന്നെ മറ്റു രണ്ട് യുവതികൾ മല കയറുമെന്നായിരുന്നു ആദ്യ അഭ്യൂഹം. ഇവർ നിലയ്ക്കലിൽ എത്തിയിട്ടുണ്ടെന്നു കൂടി പ്രചരണമുണ്ടായതോടെ പൊലീസ് ജാഗരൂകമായി. എന്നാൽ ഇന്നലെ രാവിലെ വരെ ആരും എത്തിയില്ല.
ഉച്ചയോടെ, യുവതികൾ മലകയറുന്നതായി വീണ്ടും അഭ്യൂഹം പരന്നപ്പോൾ പരിശോധന കർശനമാക്കി. ശബരിപീഠത്തിനു സമീപം കണ്ട രണ്ടു സ്ത്രീകളെക്കുറിച്ച് തീർത്ഥാടകർ സംശയം പ്രകടിപ്പിച്ചെങ്കിലും ഇവർ അമ്പതു വയസ്സു പിന്നിട്ട മലേഷ്യൻ സ്വദേശികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.