sasikala-sabarimala
ശബരിമലയിലെത്തിയ ശ്രീലങ്കൻ വനിത ശശികല

ശബരിമല : യുവതീ പ്രവേശനത്തെ തുടർന്ന് നാടെങ്ങും സംഘർഷം നിലനിൽക്കെ ശ്രീലങ്കക്കാരിയായ 47കാരി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിയിലൂടെ കയറി സന്നിധാനത്ത് ദർശനം നടത്തി. ശശികല എന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി 10.46 ന് ഗുരുസ്വാമിയോടൊപ്പം എത്തി ദർശനം നടത്തിയത്. വ്യാഴാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും സന്നിധാനം പൊലീസ് ഇക്കാര്യം നിഷേധിച്ചെങ്കിലും സി.സി ടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ വൃത്തങ്ങൾ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടതോടെ പൊലീസിന്റെയും സ്ഥിരീകരണമുണ്ടായി. ഇതോടെ സുപ്രീംകോടതി വിധിക്ക് ശേഷം സന്നിധാനത്ത് ദർശനം നടത്തിയ യുവതികളുടെ എണ്ണം മൂന്നായി. രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് ശശികല ദർശനം നടത്തിയത്. സന്നിധാനത്ത് നല്ല തിരക്കുണ്ടായിരുന്നതിനാൽ ആരും തിരിച്ചറിഞ്ഞില്ല.

ഭർത്താവ് ശരവണമാരനും മകനും ഗുരുസ്വാമിക്കുമൊപ്പം വ്യാഴാഴ്ച രാവിലെയാണ് ശശികല പമ്പയിൽ എത്തിയത്. പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ഇവരെ പറഞ്ഞ് മനസിലാക്കി. തന്റെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും അതിനാൽ അശുദ്ധിയില്ലെന്നും പറഞ്ഞതോടെ പൊലീസ് വഴങ്ങി. ഇതിന്റെ രേഖകളും ഹാജരാക്കി. തുടർന്നാണ് രാത്രിയിൽ മലകയറാൻ അനുവദിച്ചത്. ശശികലയും ഗുരുസ്വാമിയും മഫ്തി പൊലീസിന്റെ സംരക്ഷണയിലാണ് ദർശനം നടത്തിയത്. സംഭവം വിവാദമായതോടെ ഭാര്യ ദർശനം നടത്തിയില്ലെന്ന് ശരവണമാരൻ സന്നിധാനത്ത് പറഞ്ഞതും ദർശനത്തിന് അനുവദിക്കാതെ സുരക്ഷാ കാരണത്താൽ പാതി വഴിയിൽ തന്നെ തിരിച്ചിറക്കിയെന്ന് പുലർച്ചെ ശശികല പമ്പയിൽ പറഞ്ഞതും പൊലീസിന്റെ തിരക്കഥയുടെ ഭാഗമാണെന്നാണ് അറിഞ്ഞത്. തലശേരി സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ കോഴിക്കോട് സ്വദേശിനി ബിന്ദു അമ്മിണി (41), മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി കനകദുർഗ (40) എന്നിവരാണ് കഴിഞ്ഞ രണ്ടിന് ആദ്യമായി ദർശനം നടത്തിയത്.

ശുദ്ധിക്രിയ നടത്തിയില്ല

യുവതീ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മുമ്പത്തെ പോലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയില്ല. ഇതേക്കുറിച്ച് പ്രതികരിക്കുന്നതിനും തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയും തയ്യാറായതുമില്ല.