ചെങ്ങന്നൂർ: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സർക്കാരിന്റെ വീഴ്ച മറക്കാനാണ് പിണറായി വിജയൻ ശബരിമല വിഷയത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു പറഞ്ഞു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അനാസ്ഥയിലും രാഷ്ട്രീയ വിവേചനത്തിലും പ്രതിഷേധിച്ച് പുലിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തകളല്ലാത്ത യുവതികളെ ഗൂഢാലോചന നടത്തി പൊലീസ് അകമ്പടിയോടെ സർക്കാർ കൊണ്ടുവന്നത് കലാപം നടക്കട്ടെ എന്ന ഉദ്യേശത്തോടെയാണ്. ശബരിമല വിഷയം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുളള ഒത്തുകളിയാണ്. വിഷയം വഷളക്കാൻ ഇരുകൂട്ടരും ശ്രമിക്കുന്നു. ബി.ജെ.പിയ്ക്ക് ആത്മാർത്ഥ ഉണ്ടെങ്കിൽ കേന്ദ്രസർക്കാരിനെക്കൊണ്ട് ഓർഡിനൻസ് കൊണ്ടുവരണമെന്നും എം.ലിജു പറഞ്ഞു. മൊബൈൽ ആപ്പ് വഴി നഷ്ടം കണക്കാക്കിയപ്പോൾ പുറത്തായ അർഹരായ മുഴുവൻ ആളുകളെയും ലിസ്റ്റിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകണമെന്ന് ലിജു ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.നാഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എബി കുര്യാക്കോസ്, രാധേഷ് കണ്ണനൂർ, വരദരാജൻ നായർ, ജോജി ചെറിയാൻ, സജി ചരവൂർ, പി.സി.കരുണാകരൻ, ബാബു കല്ലൂത്ര, അഡ്വ.മിഥുൻ.കെ.മയൂരം, ഡി.അനിൽ കുമാർ, ബി.ബാബു,സജീവ് വെട്ടിക്കാട്ട് എന്നിവർ സംസാരിച്ചു.