k

തിരുവല്ല-മാവേലിക്കര റോഡിൽ അപകടത്തിൽ ഇടിഞ്ഞ കലുങ്ക്

തിരുവല്ല: യാത്രക്കാർക്ക് അപകടഭീഷണിയായി ഇടിഞ്ഞ കലുങ്കിന്റെ നിർമ്മാണം കെ.എസ്.ടി.പി അധികൃതരുടെ നേതൃത്വത്തിൽ തുടങ്ങി. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ പൊടിയാടിക്കും ഉണ്ടപ്ലാവിനും ഇടയിലുള്ള കലുങ്കാണ് പുനർനിർമ്മിക്കുന്നത്. നിലവിലുള്ള റോഡിന്റെ വടക്കുഭാഗത്ത് ടാറിംഗ് കഴിഞ്ഞുള്ള ഭാഗം മുമ്പുണ്ടായ അപകടത്തിൽ ഇടിഞ്ഞുവീണ നിലയിലായിരുന്നു. ടാറിംഗ് കഴിഞ്ഞുള്ള ഭാഗത്ത് മൂന്നുമീറ്റർ വീതികൂട്ടിയാണ് പുതിയ കലുങ്കിന്റെ നിർമ്മാണം. റോഡിന്റെ തെക്കുഭാഗം ഉൾപ്പെടെ കലുങ്കിന്റെ നിർമ്മാണം അടുത്തഘട്ടത്തിൽ നടത്തും. റോഡ് വീതികൂട്ടി നിർമ്മിക്കുമ്പോൾ ഉപയോഗപ്രദമാകും വിധത്തിലാണ് ഇവിടെ കലുങ്ക് നിർമ്മിക്കുന്നതെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. ഇതോടൊപ്പം ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപത്തെ കലുങ്കും വീതികൂട്ടി നിർമ്മിക്കുന്നുണ്ട്. കൂടാതെ പ്രളയത്തിൽ തകർച്ചയിലായ പരുമല മുതൽ കാവുംഭാഗം വരെയുള്ള റോഡിലെ കുഴികളും അടയ്ക്കും. മണിപ്പുഴ പാലത്തിലെ ഗട്ടറുകളും നികത്തി അറ്റകുറ്റപ്പണികൾ നടത്തും. ഇതുൾപ്പെടെ തിരുവല്ല - മാവേലിക്കര റോഡിന്റെ പുനരുദ്ധാരണത്തിനായി 1.9 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. തിരുവല്ല - മാവേലിക്കര റോഡ് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ ബി.എം. ആൻഡ് ബി.സിയിൽ മുഴുവൻ ഭാഗങ്ങളും പുനരുദ്ധരിക്കും. ഇതിനായി എട്ടുകോടി രൂപയുടെ ടെണ്ടർ ജോലികൾ പുരോഗമിക്കുകയാണ്.