prds

തിരുവല്ല : പൊയ്കയിൽ ദിവ്യമാതാദേഹവിയോഗത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് യുവജനസംഘം കേന്ദ്രകമ്മിറ്റി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ദിവ്യമാതാ അനുസ്മരണ തീർത്ഥാടന പദയാത്ര സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ സമാപിച്ചു. കുളത്തൂർ ദിവ്യമാതാ മണ്ഡപത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടന പദയാത്ര പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ, ജനറൽ സെക്രട്ടറിമാരായ സി.സി. കുട്ടപ്പൻ, ചന്ദ്രബാബു കൈനകരി എന്നിവർ പദയാത്രാ സന്ദേശവും മുഖ്യപ്രഭാഷണങ്ങളും നടത്തി. യുവജനസംഘം പ്രസിഡന്റ് രഞ്ജിത് പുത്തൻചിറ, ജനറൽ സെക്രട്ടറി രതീഷ് ശാന്തിപുരം എന്നിവർ പ്രസംഗിച്ചു.
ദിവ്യമാതാവിന്റെ ഛായചിത്രം വഹിച്ച പ്രത്യേകം തയ്യാറാക്കിയ വാഹന രഥം പദയാത്രയുടെ ഏറ്റവും പിന്നിലായി യാത്രയെ അനുഗമിച്ചു. വെള്ള വസ്ത്രധാരികളായ പതിനായിരങ്ങൾ ഉപവാസഗാനാലാപനവും ശരണം വിളികളുമായി പദയാത്രയിൽ അണിനിരന്നു. പി.ആർ.ഡി.എസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരുദേവമണ്ഡപത്തിൽ രാത്രി 7.30 ന് എത്തിച്ചേർന്ന പദയാത്രികരെ സഭാ നേതൃത്വം സ്വീകരിച്ച് പ്രത്യേക പ്രാർത്ഥന നടത്തി. യുവജനസംഘം പ്രസിഡന്റ് രഞ്ജിത് പുത്തൻചിറ, വൈസ് പ്രസിഡന്റ് അനീഷ് വളഞ്ഞവട്ടം, ജനറൽ സെക്രട്ടറി രതീഷ് ശാന്തിപുരം, ഖജാൻജി അനൂപ് അമരപുരം, ജോയിന്റ് സെക്രട്ടറിമാരായ ഷൈൻ ചിറക്കടവ്, ഗിരീഷ് നെടുമാവ്, കേന്ദ്രസമിതിയംഗങ്ങൾ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.