dress

ചെങ്ങന്നൂർ: പ്രളയബാധിതർക്ക് വിതരണം ചെയ്യാൻ എത്തിച്ച വസ്ത്രങ്ങൾ പെരുങ്കുളം പാടത്ത് ഉപേക്ഷിച്ച നിലയിൽ. ഗിരിദീപം ഓഡിറ്റോറിത്തിന് സമീപം കൂട്ടിയിട്ടിരുന്ന വസ്ത്രങ്ങളാണ് പാടത്ത് തള്ളിയത്. വസ്ത്രങ്ങളുടെ കാര്യം യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് ലൈവിലൂടെയാണ് പുറത്തറിഞ്ഞത്. വാർത്തയായതോടെ നാട്ടുകാർ കുറച്ച് വസ്ത്രങ്ങൾ കൊണ്ടുപോയിരുന്നു. വസ്ത്രങ്ങൾ ലേലം ചെയ്യാനാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് തഹസിൽദാർ കെ.ബി.ശശി നേരത്തേ പറഞ്ഞത്. എന്നാൽ ലേലം നടന്നില്ലെന്ന് മാത്രമല്ല വസ്ത്രങ്ങൾ പാടത്ത് തള്ളിയ നിലയിലാണ്. വസ്ത്രങ്ങൾ ആരാണ് പാടത്ത് തള്ളിയതെന്ന് അറിയില്ലെന്ന് റവന്യു വകുപ്പ് പറയുന്നു.

ആർ.ഡി.ഓ വിശദീകരണം നൽകണം:
മനുഷ്യാവകാശ കമ്മിഷൻ

തുണിത്തരങ്ങൾ അനാഥമായി കൂട്ടിയിട്ടിരിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയാണെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ്. നൂറുകണക്കിന് ആളുകൾ പ്രളയദുരിതത്തിൽ നിന്ന് കരകയറാനാവാതെ വിഷമിക്കുമ്പോൾ ദുരിതബാധിതരോട് ഉദ്യോഗസ്ഥർ പുലർത്തുന്ന നിസംഗത നീതീകരിക്കാനാവില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തി. ചെങ്ങന്നൂർ ആർ.ഡി.ഓ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിച്ച് ഫലവത്തായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. 30ന് ആലപ്പുഴയിൽ നടക്കുന്ന സിറ്റിംഗിൽ വിശദീകരണം നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

നിർദേശമില്ല, അറിയില്ല

താലൂക്കിൽ പ്രളയബാധിതർക്കായി ലഭിച്ച സാധന സാമഗ്രികൾ ഏഴ് ഗോഡൗണുകളിലായാണ് സൂക്ഷിച്ചിരുന്നത്. പഴയതും പുതിയതുമായ വസ്ത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ തിരച്ചെടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത്തരം വസ്ത്രങ്ങൾ കളമശ്ശേരിയിലുളള ഗോഡൗണിലെത്തിക്കാനാണ് നിർദ്ദേശം. പാടത്ത് വസ്ത്രങ്ങൾ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമല്ല.

അതുൽ സ്വാമിനാഥ്,

ആർ.ഡി.ഒ

റവന്യു വകുപ്പ് അറിഞ്ഞില്ല

പ്രളയബാധിതർക്ക് എത്തിച്ച വസ്ത്രങ്ങൾ പെരുങ്കുളം പാടത്ത് തള്ളിയതിനെ പറ്റി അറിയില്ല. റവന്യു വകുപ്പിന്റെ അറിവോടെയല്ല ഇത്. കെ.ബി.ശശി,

തഹസിൽദാർ