തിരുവല്ല: മണ്ണിലിറങ്ങാൻ മടിക്കുന്ന മലയാളിയും വിഷലിപ്തമായ മറുനാടൻ പച്ചക്കറിയും ഉപഭോഗസംസ്കാരം വളർത്തിയ വിനകളുമെല്ലാം കവിതയായി പെയ്തിറങ്ങുകയാണ്, ഒരു ഗ്രാമീണ കർഷകന്റെ രചനയായി... രണ്ടു പതിറ്റാണ്ടിലേറെയായി എഴുതിക്കൂട്ടിയ കവിതകളുമായി പ്രസാദകനെ തേടി കാത്തിരിക്കുന്നത് ചിറ്റാർ തെക്കേക്കര വട്ടക്കൂട്ടത്തിൽ വാസുക്കുട്ടി (70) യാണ്.
ജീവിതാനുഭവങ്ങളും കാഴ്ചകളും സന്ദേശങ്ങളും പരിഹാസങ്ങളും വ്യഥകളും പ്രത്യാശകളുമെല്ലാം പ്രതിഫലിക്കുന്ന നൂറോളം കവിതകളാണ് വെളിച്ചം കാണാതെ ഇദ്ദേഹം ഫയലിൽ കൂട്ടിവച്ചിരിക്കുന്നത്. ആദ്യം നേരമ്പോക്കായിരുന്നു കവിത എഴുത്ത്. അന്ന് സൂക്ഷിച്ച് വയ്ക്കാനൊന്നും തോന്നിയില്ല. പിന്നീട് സുഹൃത്തുക്കളുടെയും മറ്റും പ്രേരണയായതോടെ എഴുതുന്നവ ഫയലിൽ സൂക്ഷിക്കാൻ തുടങ്ങി.
യുവാക്കളെ ഇതിലേ, ഗാന്ധിജിയുടെ ഇന്ത്യ, മാസിഡോണിയന്റെ പ്രതിഫലം, നിയമം മനുഷ്യന്റെ നിലനില്പിനോ, പൈതൃകം ഇടയ്‌ക്കൽ ഗുഹ, അടവിയിലൊരു ദിനം, സഹയാത്രിക, അന്ത്യാമന്ത്രണം, പാപനാശിനി പമ്പ, ഹരീശ്രീ, സ്വർഗീയതീരം ഹൊഗ്ഗന, വേർപാടിന്റെ ദുഃഖം, പ്രാപഞ്ചിക സത്യം, കരുണയോട് കാക്കുമാറാകണം, പ്രതികാര ദുർഗ തുടങ്ങി വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ കവിതകളാണ് ഈ കർഷക കവിയുടേത്. കണ്ണശ്ശ സ്മാരക ട്രസ്റ്റ് നടത്തിയ സംസ്ഥാന കവിതാ ശിൽപ്പശാലയിൽ കവിതകൾ അവതരിപ്പിച്ചു അനുമോദനം നേടിയിട്ടുണ്ട്. കുമാരനാശാനും ഒ.എൻ.വിയും മുരുകൻ കാട്ടാക്കടയുമാണ് ഇഷ്ടപ്പെട്ട കവികൾ. കാലങ്ങളായി സൂക്ഷിക്കുന്ന തന്റെ പ്രിയപ്പെട്ട കവിതകൾ പുസ്തക രൂപത്തിൽ കാണുകയാണ് വാസുക്കുട്ടിയുടെ വലിയ ആഗ്രഹം. കൃഷിപ്പണിക്കിടയിലും സമയം കണ്ടെത്തി കവിതകൾ രചിക്കുന്ന വാസുക്കുട്ടിക്ക് പിന്തുണയേകി ഭാര്യ ജഗദമ്മയും ഒപ്പമുണ്ട്. ഷീബ, ഷിബുലാൽ എന്നിവർ മക്കളും സന്തോഷ്‌കുമാർ, ആശാ എന്നിവർ മരുമക്കളുമാണ്.
മികച്ച ജൈവ കർഷകൻ
ചിറ്റാറിലെ കൃഷിയിടങ്ങളിൽ വാഴയും കപ്പയും ചേമ്പും ചേനയും പച്ചക്കറിയുമെല്ലാം പതിറ്റാണ്ടുകളായി വിളയിക്കുന്ന വാസുക്കുട്ടിക്ക് 2014ൽ മികച്ച ജൈവകർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥയോടും വന്യജീവികളോടുമൊക്കെ പൊരുതി നേടിയ വിജയമാണ് വാസുക്കുട്ടിയുടെ ജീവിതം. മണ്ണിൽ പൊന്നു വിളയിച്ചതിന് പഞ്ചായത്തിലെ മികച്ച കുരുമുളക് കർഷകനായും കൃഷിവകുപ്പ് ആദരിച്ചിട്ടുണ്ട്.