ചെങ്ങന്നൂർ: ഹർത്താലിന്റെ മറവിൽ പാണ്ടനാട്ടിൽ അരങ്ങേറിയ സംഘട്ടനത്തിൽ ഉൾപ്പെട്ട നാലു സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ. പാണ്ടനാട് പാലച്ചുവട്ടിൽ രാമചന്ദ്രന്റെ മകൻ രാജീവ് (30), കൊട്ടാരത്തിൽ തകടിയിൽ മഹേഷ് (24), ചെറുവല്ലൂർ ഇല്ലത്തിൽ ശ്രീകുമാർ (30), പാലച്ചുവട്ടിൽ (നന്ദനം) പ്രശാന്ത് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാണ്ടനാട് ആർ.കെ സ്കൂളിന് സമീപം ഹർത്താൽ അനുകൂലികളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പരുമല മണലേൽ പി.പ്രദീപ് (23), മണലേൽ സുബിൻ (24), സംഘപരിവാർ പ്രവർത്തകരായ പാലചുവട്ടിൽ രാജീവ് (30), ജിഷ്ണു, കെ.വി അനു എന്നിവർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് നാല് പേരുടെ അറസ്റ്റ്.
തിരുവൻവണ്ടൂരിൽ നടന്ന സംഘട്ടനത്തിൽ ഇന്നലെ വൈകിയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയട്ടില്ല. ഹർത്താലിനെ തുടർന്ന് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ ബി.ജെ.പി, സംഘ പരിവാർ പ്രവർത്തകരുമായായിരുന്നു സംഘർഷം. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിജു, വി. ഷാജിമോൻ, ഡോ. ദീപു ദിവാകരൻ, സുരേഷ് കുമാർ, രെജീഷ്, സ്നെൽ സജി, സജി കുര്യാക്കോസ്, എബ്സൺ എന്നിവർക്കാണ് പരിക്കേറ്റത്. തിരുവൻവണ്ടൂർ സംഭവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിലെയും പ്രവർത്തകരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു.