പത്തനംതിട്ട : രാത്രിയിൽ 16 മുതൽ 22 ഡിഗ്രി വരെ തണുപ്പ്, പകൽ 35 ഡിഗ്രി വരെ ചൂടും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതാണ് ജില്ലയുടെ അവസ്ഥ. ഡിസംബർ കഴിഞ്ഞും തണുപ്പ് വർദ്ധിക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ തണുപ്പാണ് രാത്രിയിൽ. രാവിലെ 10ന് ശേഷമാണ് തണുപ്പിൽ നിന്ന് ഒരാശ്വാസം ലഭിക്കുന്നത്. തണുപ്പ് കുറഞ്ഞാൽ ഭയങ്കരമായ ചൂടും തുടങ്ങുകയായി. പെട്ടന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. ആസ്മ, ജലദോഷം, അലർജി പോലുള്ള രോഗങ്ങൾ എന്നിവ വർദ്ധിക്കാൻ ഈ കാലാവസ്ഥ മാറ്റം കാരണമാകും. ജില്ലയിൽ ഇപ്പോൾ ആഴ്ചയിൽ ഒന്നും രണ്ടും എച്ച് വൺ.എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇനിയും രോഗങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. വരണ്ട ചർമം ഉള്ളവർ ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ ചർമം വിണ്ടുകീറാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. വയനാട്, മൂന്നാർ പ്രദേശങ്ങളിൽ മൈനസ് ഡിഗ്രിയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശബരിമലയിൽ 20 ഡിഗ്രിയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ മലയോര പ്രദേശങ്ങളിലാണ് കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.
ബംഗാൾ ഉൾക്കടലും അറബിക്കടലും മേഘ വിമുക്തമായതാണ് തണുപ്പിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനാ സമുദ്രത്തിൽ രൂപം കൊണ്ട പാബുക് ചുഴലിക്കാറ്റ് രണ്ടു ദിവസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്നതോടെ വീണ്ടും മേഘാവൃതമായി തണുപ്പു കുറയും.