ശബരിമല: ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകുന്ന മകരസംക്രമ പൂജയും വിളക്കും 14നാണ്. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന രാത്രി 7.52 നാണ് അയ്യന് സംക്രമ പൂജയും അഭിഷേകവും.
കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻ വഴി കൊണ്ടുവരുന്ന നെയ്യാണ് അഭിഷേകം ചെയ്യുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40ന് ദീപാരാധന നടക്കും. സാധാരണ രീതിയിൽ പകൽ സമയങ്ങളിലാണ് സംക്രമപൂജ. അപൂർവമായി മാത്രമാണ് രാത്രിയിലെ സംക്രമം. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് പ്രാസാദ ബിംബശുദ്ധി നടത്തും.
തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്രയ്ക്ക് 14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ സ്വീകരണം നൽകും. എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സോപാനത്തെത്തിക്കും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും ചേർന്ന് പേടകം ഏറ്റുവാങ്ങി തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും.