ചെങ്ങന്നൂർ: മാനില്യം പൊതുവഴിയിൽ വലിച്ചെറിയുന്ന വാഹന ഉടമകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ സെന്റർ ഹാച്ചറി - തോട്ടിയാട്ട് റോഡിലാണ് രാത്രിയുടെ മറവിൽ വൻ മാലിന്യനിക്ഷേപം നടത്തുന്നത്. കോഴിക്കടകളിൽ നിന്നും ഹോട്ടൽമാലിൽ നിന്നുമുളള മാലിന്യങ്ങളുമാണ് ഇവിടെ കൂടുതലായും നിക്ഷേപിക്കുന്നത്. ദിനംപ്രതി നിരവധി വിദ്യാർഥികളും നാട്ടുകാരും നടന്നു പോകുന്ന ഈ വഴിയിരികിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ പക്ഷികളും മറ്റും കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും മറ്റ് ജലസ്രോതസുകളിലും കൊണ്ടിടുക പതിവാണ്. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് വൻ ദുർഗന്ധമാണ് ഈ ഭാഗത്ത്. റോഡിന്റെ വളവിലെ ട്രാൻഫോർമിന് സമീപത്താണ് ഇവ കൂടുതലായി നിക്ഷേപിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുമുൻപ് വൈകിട്ട് 5.45ഓടെ ഒരു വെള്ള നിറമുള്ള കാറിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടുകളാക്കി മാലിന്യം കൊണ്ടിടുമ്പോൾ കാൽനടയാത്രക്കാരിയായ യുവതി ഇതിനെ ചോദ്യം ചെയ്‌തെങ്കിലും ഇതൊന്നും വകവയ്ക്കാതെ റോഡരികിൽ മാലിന്യം നിക്ഷേപിച്ച ശേഷം ഇവർ വാഹനമോടിച്ച് പോയി. നിയമവിരുദ്ധമായും അലക്ഷ്യമായും പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന രീതിയിൽ പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ച വാഹന ഉടമയ്‌ക്കെതിരെ നിയമപരമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻഗ്രാമപഞ്ചായത്ത് അംഗം ഫിലിപ്പ് ജോൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.