പത്തനംതിട്ട: ശബരിമലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ മകരവിളക്ക് ദിവസമായ 14വരെ നീട്ടിയതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. തുലാമാസ പൂജയ്ക്കും, ചിത്തിര ആട്ടവിളക്കിനും, മണ്ഡലകാലത്തും ശബരിമലയിൽ നിയമ ലംഘനവും അക്രമവുമുണ്ടായി. ഇൗ സാഹചര്യത്തിൽ മകരവിളക്ക് ഉത്സവത്തിനെത്തുന്ന തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് നിരോധനാജ്ഞയെന്ന് കളക്ടർ ഉത്തരവിൽ പറഞ്ഞു.
രണ്ട് യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് ജില്ലയിൽ വ്യാപക അക്രമങ്ങളുണ്ടായി. ശബരിമല തീർത്ഥാടകർ കൂടുതലായി എത്തുന്ന അടൂർ താലൂക്കിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തു. ഇൗ സാഹചര്യവും നിരോധനാജ്ഞ നീട്ടാൻ കാണമായി. അടൂർ താലൂക്കിൽ ഇനിയും അക്രമസംഭവങ്ങളുണ്ടായേക്കുമെന്ന് ഡിവൈ.എസ്.പിയും ആർ.ഡി.ഒയും ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും റിപ്പോർട്ടു നൽകിയിട്ടുണ്ട്. താലൂക്കിലെ അടൂർ, പന്തളം, കൊടുമൺ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്.