harthal

തിരുവല്ല: ഭീഷണിയും ബലപ്രയോഗവുംകൊണ്ട് ഹർത്താലുകൾ വിജയിച്ചു എന്നവകാശപ്പെടുന്നവർ തങ്ങളുടെ രാഷ്ട്രീയപാപ്പരത്തമാണ് വെളിവാക്കുന്നതെന്ന് മനുഷ്യവകാശ പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ. ഹർത്താലിനെതിരെ തിരുവല്ലയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്​മയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഹ്വാനം ചെയ്യുന്ന പാർട്ടിക്കുതന്നെ ജനപിന്തുണയിൽ സംശയമുള്ളതുകൊണ്ടാണ് ഹർത്താൽ പോലെയുള്ള കുറുക്കുവഴികൾ തേടുന്നതെന്നു അദ്ദേഹം പറഞ്ഞു. നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയും വ്യാപാരി​വ്യവസായി ഏകോപനസമിതിയും സംയുക്തമായി സംഘടിപ്പിച്ച ബഹുജനറാലിയിലും പൊതുസമ്മേളനത്തിലും സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ബാനറുകളും പ്ലാക്കാർഡുകളും പിടിച്ചുകൊണ്ട് ട്രാഫിക് തടസം സൃഷ്ടിക്കാതെ അച്ചടക്കത്തോടെ നടന്നുനീങ്ങിയ പ്രവർത്തകർ പ്രൈവറ്റ് സ്റ്റാൻഡിനു സമീപം മുനിസിപ്പൽ ഗ്രൗണ്ടിൽ സമ്മേളിച്ചു. നമ്മുടെ തിരുവല്ലയുടെ പ്രസിഡന്റ് പി.ഡി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഹർത്താൽ മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും 1997 ൽ ബന്ദ് നിരോധിച്ചുകൊണ്ട് താൻ അംഗമായിരുന്ന ഹൈക്കോടതി ഫുൾബെഞ്ചിന്റെ നിരീക്ഷണങ്ങൾ ഹർത്താലിന്റെ കാര്യത്തിലും ബാധകമാണെന്ന് യോഗം ഉദ്​ഘാടനം ചെയ്തു സംസാരിച്ച മുൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കൂടിയായ ജസ്റ്റിസ് ജെ.ബി. കോശി അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് എ.ജെ.ഷാജഹാൻ, കെ.ടി.മാത്യു എന്നിവർ പ്രസംഗിച്ചു.