k
തൃക്കവിയൂർ മഹാദേവക്ഷേത്രത്തിലെ ഹനുമത് ജയന്തി സാംസ്ക്കാരിക സമ്മേളനം മിസോറാം ഗവര്‍ണര്‍ ഡോ.കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നവകേരളം സൃഷ്ടിക്കപ്പെടുവാൻ വിശ്വാസത്തിലധിഷ്ഠിതമായ സമൂഹത്തിന് മാത്രമേ സാധിക്കൂയെന്ന് മിസോറാം ഗവർണർ ഡോ.കുമ്മനം രാജശേഖരൻ പറഞ്ഞു. തൃക്കവിയൂർ മഹാദേവക്ഷേത്രത്തിലെ ഹനുമത് ജയന്തി സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യൂകയായിരുന്നു അദ്ദേഹം. ഭക്തന്റെ ഉറച്ചഭക്തിക്ക് മുമ്പിൽ ഏത് പ്രതിസന്ധിയും നിഷ്പ്രഭമാകുമെന്നതാണ് ഭാരതീയ പുരാണങ്ങൾ സമൂഹത്തിന് പകർന്ന് തരുന്നത്. ശ്രീരാമചന്ദ്രൻ പോലും സേതുബന്ധനത്തിന് മുതിർന്നപ്പോൾ ചെറിയ തടസങ്ങൾ മറികടന്ന് ഹനുമാന് നിഷ്പ്രയാസം സമുദ്രം കടക്കാൻ സാധിച്ചത് ഭഗവാനോടുള്ള ഭക്തിമൂലമാണ്. ഇപ്പോഴുള്ള താത്ക്കാലിക പ്രതിബന്ധങ്ങൾ നേരിട്ടാലും ക്ഷേത്രാചാരങ്ങളും വിശ്വാസവും സംരക്ഷിക്കാൻ അയ്യപ്പന്മാർക്ക് അവരുടെ ഉറച്ച ഭക്തിമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 21 ക്ഷേത്ര കലാകാരന്മാർക്ക് കുമ്മനം രാജശേഖരൻ ഉപഹാരം നല്കി ആദരിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ഭഗവതി ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂർണാദേവി മുഖ്യപ്രഭാഷണവും നടത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് എം.ഡി ദിനേശ് കുമാർ , സബ്ഗ്രൂപ്പ് ഓഫീസർ മധുസൂധനൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.റ്റി.രാജേഷ് കുമാർ, ബൈജുക്കുട്ടൻ, ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡണ്ട് പി.എസ്. റജി , സെക്രട്ടറി ജി.സലീം എന്നിവർ സംസാരിച്ചു.