kandaru-rajeevaru

ശബരിമല : യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം തേടി തന്ത്രി കണ്ഠര് രാജീവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നോട്ടീസ് നൽകി.

ബോർഡ് തീരുമാനത്തെ തുടർന്ന് ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ നിർദ്ദേശാനുസരണം എക്സിക്യൂട്ടിവ് ഓഫീസർ സുധീഷ് കുമാറാണ് ഇന്നലെ ഉച്ചയ്ക്ക് നോട്ടീസ് കൈമാറിയത്. നടയടയ്ക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കി 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകും.

കഴിഞ്ഞ രണ്ടിന് പുലർച്ചെയാണ് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയത്. സർക്കാരും പൊലീസ് മേധാവിയും യുവതീപ്രവേശനം സ്ഥിരീകരിച്ചതോടെ തന്ത്രിയുടെ നിർദ്ദേശ പ്രകാരം മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട അടച്ചു. തുടർന്ന് തന്ത്രിയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം നീണ്ട ശുദ്ധിക്രിയകൾക്ക് ശേഷമാണ് നട തുറന്നത്. തന്ത്രിയുടെ നടപടിക്കെതിരെ സർക്കാരും ദേവസ്വം ബോർഡും രംഗത്ത് എത്തിയിരുന്നു.