പത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ബ് സംഘടിപ്പിക്കുന്ന 12 -ാം മത് സംസ്ഥാന കഥകളിമേളയ്ക്ക് ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് ഇന്ന് തിരിതെളിയും. ആടിക്കാണാനും പാടിക്കേൾക്കാനും ഒരുപോലെ യോജിച്ച ഏഴുകഥകളിയിലൂടെയാണ് ഇനിയുള്ള രാവുകൾ കടന്നുപോകുന്നത്. ഉത്തരാസ്വയംവരം, ലവണാസുരവധം, നിവാതകവചകാലകേയവധം പൂർവ്വഭാഗം, നിവാതകവചകാലകേയവധം ഉത്തരഭാഗം, നളചരിതം 2 -ാം ദിവസം, നളചരിതം 3 -ാം ദിവസം, ദുര്യോധനവധം എന്നീ കഥകളാണ് ഇക്കുറി അരങ്ങിലെത്തുന്നത്.
ഇന്ന് വൈകിട്ട് 5.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി മേള ഉദ്ഘാടനം ചെയ്യും. ജില്ലാ കഥകളി ക്ലബ്ബ് പ്രസിഡന്റ് വി. എൻ. ഉണ്ണി അദ്ധ്യക്ഷത വഹിക്കും.നാട്യഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി ആദരിക്കും. അഡ്വ.ടി. എൻ. ഉപേന്ദ്രനാഥക്കുറുപ്പ്, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജയകുമാർ വല്ലൂഴത്തിൽ, ടി. ആർ. ഹരികൃഷ്ണൻ, എം.ആർ.വേണു, സഖറിയാ മാത്യു, ദിനിൽ ദിവാകർ, നാട്യഭാരതി ആദിത്യൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കേരളകലാമണ്ഡലം അയിരൂർ ഉപകേന്ദ്രത്തിലെ വിദ്യാർത്ഥികളായ അർജ്ജുൻ രാജ് (കാഞ്ഞീറ്റുകര), അർജ്ജുൻ ബൈജു (പുല്ലാട്), അഭിനവ്. എ (കോന്നി), അരവിന്ദ്. എസ് (മല്ലശ്ശേരി), രോഹൻ (മല്ലശ്ശേരി), ആദർശ് രാജേഷ് (ഓമല്ലൂർ), ആദർശ് കുമാർ (പുല്ലാട്), സുജിത്ത് മനോജ് (പുല്ലാട്), ആദർശ് എം. എസ് (ഇലന്തൂർ), ആരഭി ആനന്ദ് (കുമ്പഴ) എന്നിവരുടെ തായമ്പക അരങ്ങേറ്റം നടക്കും. കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താനെ ആദരിക്കും.
7 മുതൽ കളിയരങ്ങിൽ ഉത്തരാസ്വയംവരം കഥകളി അരങ്ങേറും.
സമാപന ദിനമായ 13 ന് 5.30 ന് നടക്കുന്ന സമ്മേളനം രാജു ഏബ്രഹാം എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്ലബ്ബിന്റെ രക്ഷാധികാരി പി. എസ്. നായർ അദ്ധ്യക്ഷൻ വഹിക്കും. അയിരൂർ രാമൻപിള്ള അവാർഡ് കഥകളി നിരൂപകനും പ്രഭാഷകനുമായ കെ. ബി. രാജാനന്ദിനും അയിരൂർ സദാശിവൻ അവാർഡ് കർണ്ണാടക സംഗീതജ്ഞൻ അനു വി കടമ്മനിട്ടയ്ക്കും നൽകി ആദരിക്കും. കേരളകലാമണ്ഡലം അയിരൂർ ഉപകേന്ദ്രത്തിൽ ചെണ്ട, മോഹിനിയാട്ടം എന്നീ വിഷയങ്ങളിൽ ഒരു വർഷത്തെ പഠനം പൂർത്തിയാക്കി അരങ്ങേറ്റം നടത്തിയ വിദ്യാർത്ഥികൾക്ക് കേരള കലാമണ്ഡലം നൽകുന്ന ആർട്ട് അപ്രീസിയേഷൻ സർട്ടിഫിക്കറ്റുകൾ നൽകും. തുടർന്ന് കേരളകലാമണ്ഡലം പഠന കളരി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കഥകളി മേളം നടക്കും.
7 ന് ദുര്യോധന വധം കഥകളിക്ക് ധനാശി (മംഗളം) പാടുന്നതോടെ കഥകളിമേള സമാപിക്കും.കേരളത്തിലെ പ്രശസ്തരായ 200ൽ അധികം കഥകളി കലാകാരൻമാർ പങ്കെടുക്കും.