തിരുവല്ല: 300 ഭാഷകൾ സംസാരിക്കുന്ന വിവിധ സംസ്‌കാരങ്ങളുടെ അതിമനോഹരമായ സംഗമമാണ് ബിലീവേഴ്‌സ് യൂത്ത് അസംബ്ലിയെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ബിലീവേഴ്‌സ് യൂത്ത് അസംബ്ലിയോടനുബന്ധിച്ചു നടന്ന സംസ്‌കാരിക -കലാസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യൂത്ത് മീറ്റിംഗുകളിലൊന്നായി ഇത് മാറിയെന്നും ദൈവം തന്റെ സ്‌നേഹം ക്രിസ്തുവിലൂടെ പകർന്നു തന്നു. ആ സ്‌നേഹം യുവാക്കൾ സമൂഹത്തിന് പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഭദ്രാസനത്തിൽ നിന്ന് എത്തിയ പ്രതിനിധികൾ തങ്ങളുടെ സംസ്‌കാരങ്ങൾ വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിച്ചു. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു.
കേരളാ കൗൺസിൽ ഒഫ് ചർച്ചസിന്റെ പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ആശംസകൾ അറിയിച്ചു.
വിവിധ സഭകളിലെ വൈദികർ, സഭാ കൗൺസിൽ മെമ്പർമാർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. ഫാ.ഹാരിസൺ, ഫാ.ഡോ. ദാനിയേൽ ജോൺസൺ എന്നിവർ സംസാരിച്ചു.