കടമ്പനാട് : ഗ്രാമീണജനതയുടെ അതിജീവനത്തിന് കരുത്ത് പകർന്ന തുവയൂർ ഗാന്ധിസ്മാരക ഗ്രാമാ സേവാകേന്ദ്രം വിസ്മൃതിയിലേക്ക്. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രവർത്തനങ്ങൾക്കും ലോക് നായിക് ജയപ്രകാശ് നാരായണന്റെ സാന്നിദ്ധ്യത്തിനും ഈ ഗ്രാമ സേവാകേന്ദ്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1956 ലാണ് ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. ഭൂദാനമായി കിട്ടിയ രണ്ടേക്കർ സ്ഥലത്ത് പ്രമുഖ ഗാന്ധിയൻ തുവയൂർ ഈശ്വരവിലാസത്ത് ഇ.നാരായണപിള്ളയുടെ നേതൃത്വത്തിലാണ് പ്രവർത്തനം തുടങ്ങിയത്. കുന്നത്തൂർ സമഗ്രവികസന സമിതി എന്നായിരുന്നു ആദ്യപേര്. സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ ഗ്രാമീണജനതയെ സ്വന്തം കാലിൽ നിൽകാൻ പ്രാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയത്. കർഷകർക്ക് ഭൂമി വിട്ടുനൽകുക എന്ന മുദ്രാവാക്യവുമായി വിനോബാജി നടത്തിയ അഖിലേന്ത്യാ പദയാത്ര 1957 ലാണ് കേരളത്തിലെത്തിയത്. പദയാത്രയുടെ പ്രചരണത്തിന്റെ കൊല്ലം ജില്ലയിലെ ചുമതല നാരായണപിള്ളക്കും തുവയൂർ ഡാനിയേലിനും ആയിരുന്നു. കുന്നത്തൂർ കേന്ദ്രീകരിച്ച് 200 ഏക്കർ ഭൂമി പലരിൽ നിന്നായി കർഷകർക്ക് വിട്ടുനൽകുന്നതിന് ഇവരുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഭൂമി വിട്ടുനൽകിയവരിൽ നിന്ന് സമ്മതപത്രം സ്വീകരിക്കാൻ അന്ന് വിനോബാജി അടൂരിലെത്തിയിരുന്നു. ഭൂദാനപ്രവർത്തനങ്ങൾക്ക് പ്രധാനവേദിയായതും ഗ്രാമസേവാകേന്ദ്രം ആയിരുന്നു. ദാനമായി ഭൂമികിട്ടിയവരിൽ 58 പേർക്ക് സർക്കാർ സെറ്റിൽമെന്റ് പദ്ധതിപ്രകാരം കെട്ടിടം വെച്ചു നൽകാൻ തീരുമാനിച്ചു. കെട്ടിട നിർമാണങ്ങളുടെചുമതലയും ഇ.നാരായണപിള്ളക്ക് തന്നെയായിരുന്നു. ഈ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്താനാണ് 1957 ൽ ജയപ്രകാശ് നാരായണൻ തുവയൂരിലെത്തിയത്. ഭൂദാന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകയായിരുന്ന മാതാജി ആശാദേവിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അന്നത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡാനിയലിന് ഇന്ന് 84 വയസുണ്ട്. പ്രായം ഒാർമകൾക്ക് മങ്ങലേൽപിച്ചെങ്കിലും ഒാരോ പ്രവർത്തനങ്ങളുടെയും രേഖകൾ ഇന്നും ഇദ്ദേഹം സൂക്ഷിക്കുന്നു.
മൂന്ന് പേരിൽ നിന്ന് 500ലേക്ക്
മൂന്ന് പേരിൽ തുടങ്ങിയ ഗ്രാമസേവാകേന്ദ്രം അഞ്ഞൂറ് തൊഴലാളികൾക്ക് തൊഴിൽ നൽകുന്ന കേന്ദ്രമായി പിൽകാലത്ത് മാറി. ഖാദി വസ്ത്രനിർമാണം, എണ്ണയാട്ട് , സോപ്പ് നിർമാണം, തേൻശേഖരണം,ചെരുപ്പ് നിർമാണം,കളിമൺപാത്രനിർമാണം,നെല്ല് കുത്ത് തുടങ്ങിയ സംരംഭങ്ങളായിരുന്നു പ്രധാനമായും ഇവിടെ നടന്നത്. കൂടാതെ ഒരു ഗ്രന്ഥശാലയും പ്രവർത്തിച്ചിരുന്നു.
കാലക്കേടിന്റെ നാളുകൾ
തൊഴിലാളികൾ കൂലി കൂടുതലുള്ള പുതിയ തൊഴിലിടങ്ങൾ തേടിയപ്പോൾ സ്ഥാപനത്തിന്റെ നല്ലകാലം അസ്തമിച്ചു. ഇന്ന് രണ്ടേക്കർ സ്ഥലംകാട് പിടിച്ച് നശിക്കുകയാണ്. വസ്ത്ര നിർമാണത്തിന് ഉപയോഗിച്ച തറി,നൂൽനൂറ്റ ചർക്കകൾ,തുടങ്ങി ഗാന്ധിജിയുടെ ജീവിതം പറയുന്ന 101വാല്ല്യങ്ങളടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടെ എല്ലാം നശിച്ചുകഴിഞ്ഞു.
രണ്ടേക്കറിൽ അമ്പത് സെന്റ് സ്ഥലം ആയൂർവേദ ആശുപത്രി തുടങ്ങാൻ നൽകിയിരുന്നു. ബാക്കിസ്ഥലത്ത് ഒൗഷധ സസ്യപാർക്കും ആരംഭിച്ചു. നീർമാതളം, ചന്ദനം, കൂവളം, മരുത്, കടക്കാമരം, മുന്ന,നെൽവേലിവാഗ തുടങ്ങി ഒട്ടനവധി മരങ്ങൾ ഇവിടെയുണ്ട്.
രാജ്യപുരോഗതിയിൽ നിർണായക പങ്കുവഹിച്ച ദേശീയപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട് ഗാന്ധിയൻ ആദർശത്തിൽ പ്രവർത്തിച്ച ഈ സ്ഥാപനത്തെ സർക്കാർ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കണമെന്നും സംരക്ഷിത സ്മാരകമായി നിലനിറുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.