പന്തളം: താലിബാനെ ലജ്ജിപ്പിക്കുന്ന കൊടുക്രൂരതയാണ് കല്ലെറിഞ്ഞു കൊല്ലലിലൂടെ സിപിഎം നടത്തിയതെന്ന് ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ പറഞ്ഞു. കല്ലേറിൽ കൊല്ലപ്പെട്ട പന്തളം കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താന്റെ വീട് സന്ദർശിച്ചെേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സേതുമാധവൻ.
ശബരിമലയിൽ സർക്കാർ നടത്തിയ ആചാരലംഘനത്തിൽ മറ്റു വിശ്വാസികളോടൊപ്പം സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് ചന്ദ്രൻ ഉണ്ണിത്താനെ സിപിഎം ഓഫീസിൽ നിന്നും എറിഞ്ഞു കൊലപ്പെടുത്തിയത്. അക്രമങ്ങളിലൂടെ സിപിഎമ്മുകാർ കേരളമാകെ താണ്ഡവമാടുകയാണ്. ഇത്തരക്കാർക്കു പ്രോത്സാഹനവും സംരക്ഷണവും നല്കുന്ന മുഖ്യമന്ത്രി വിജയന്റെ നടപടി സാംസ്‌കാരമുള്ള സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്.
ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.കെ. മോഹനൻ, ശബരിമല കർമ്മസമിതി ജില്ലാ സംയോജകൻ ബി. സുരേഷ്, സഹസംയോജകൻ വി. ഹരികൃഷ്ണൻ, നഗരസഭാംഗം കെ.വി. പ്രഭ, ബിജെപി കുരമ്പാല ഏരിയാ പ്രസിഡന്റ് കെ. രാജേന്ദ്രൻ, സെക്രട്ടറി ഗോകുൽ, ഹിന്ദു ഐക്യവേദി നഗരസഭാ സമിതി പ്രസിഡന്റ് പരമേശ്വരൻ നായർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.