k-surendran

പത്തനംതിട്ട: ശബരിമല തന്ത്രിയെ നിയമിക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നല്ലെന്നും താന്ത്രിക അവകാശം പാരമ്പര്യസിദ്ധമാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും
ജാമ്യ വ്യവസ്ഥ അനുസരിച്ച് പത്തനംതിട്ട എ.ആർ ക്യാമ്പിൽ ഒപ്പുവച്ച ശേഷം സുരേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഹിന്ദു ആചാര്യന്മാരെ അധിക്ഷേപിക്കുന്നതുപോലെ മറ്റ് മതാചാര്യൻമാരെ അധിക്ഷേപിക്കാൻ മുഖ്യമന്ത്രി ധൈര്യപ്പെടുമോ? ശബരിമല സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കും. എൻ.എസ്.എസിനെ ഭയപ്പെടുത്തി നിലയ്ക്കുനിറുത്താമെന്ന് കോടിയേരിയും പിണറായിയും കരുതേണ്ട. മറ്റ് വിശ്വാസ സമൂഹങ്ങളുടെ പിന്തുണ തേടുന്ന എൻ.എസ്.എസിന്റെ നിലപാട് സ്വാഗതാർഹമാണെന്നും വിശ്വാസികൾ ഒറ്റക്കെട്ടാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രതിയായ കേസ് വർഗീയ കലാപത്തിന്റേതാണ്. പന്തളത്ത് അയ്യപ്പഭക്തൻ കൊല ചെയ്യപ്പെട്ട കേസിൽ മുഖ്യമന്ത്രിയും പൊലീസും പറയുന്നത് സംഭവ സമയത്ത് സി.പി.എം ഓഫീസിൽ ഏഴോളം പേർ ഉണ്ടായിരുന്നുവെന്നാണ്. അക്രമികളെ പൊലീസ് തടഞ്ഞില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.