ശബരിമല : ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കു ശേഷം ശ്രീലങ്കൻ സ്വദേശിനി ഉൾപ്പെടെ മൂന്നു പേർ സന്നിധാനത്ത് ദർശനം നടത്തിയെന്ന് പൊലീസ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസിന്റെ സ്ഥിരീകരണം. ഇതുവരെ ഒൻപതു യുവതികൾ ദർശനം നടത്തിയെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം.
സന്നിധാനം പൊലീസിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണനാണ് സത്യവാങ് മൂലം സമർപ്പിച്ചത്. 47കാരിയായ ശ്രീലങ്കൻ യുവതി ശശികല ദർശനം നടത്തിയതിനു തെളിവില്ലെന്ന് ദേവസ്വം ബോർഡും തന്ത്രിയും പറഞ്ഞിരുന്നു. എന്നാൽ, മൂന്നിന് രാത്രി നട അടയ്ക്കുന്നതിന് മിനിട്ടുകൾക്കു മുൻപ് ശശികല പതിനെട്ടാംപടി കയറുന്നതിന്റെ സി.സി .ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് സത്യവാങ്മൂലം നൽകിയതെന്ന് സന്നിധാനം പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടിന് പുലർച്ചെ കോഴിക്കോട് സ്വദേശിനി ബിന്ദു അമ്മിണി (41), പെരിന്തൽമണ്ണ സ്വദേശിനി കനകദുർഗ (40) എന്നിവരാണ് കോടതി വിധിക്കു ശേഷം ആദ്യമായി ദർശനം നടത്തിയതെന്നും, പൊലീസ് മതിയായ സുരക്ഷ ഒരുക്കിയെന്നും, പ്രതിഷേധങ്ങൾ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മഫ്തി പൊലീസിന്റെ സഹായതോടെ, പുലർച്ചെ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനടയിലെ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്ത് എത്തുകയായിരുന്നു ഇവർ.
യുവതീ പ്രവേശനത്തെ തുടർന്ന് തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തിയത് വിവാദമായിരുന്നു. വിശദീകരണം തേടി ദേവസ്വം ബോർഡ് തന്ത്രിക്ക് നോട്ടീസ് നൽകുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ശ്രീലങ്കൻ യുവതി ദർശനത്തിന് എത്തിയത്. ഇത് ദേവസ്വം ബോർഡ് സ്ഥിരീകരിക്കാത്തതിനാൽ ശുദ്ധികലശം ആവശ്യമില്ലെന്നായിരുന്നു തന്ത്രിയുടെ നിലപാട്.