roller-scatting-2

പത്തനംതിട്ട: അയ്യപ്പ ദർശനം തേടി ചക്രവീലുകളിൽ തെന്നി നീങ്ങി ഏഴംഗ റോളർ സകേറ്റിംഗ് സംഘത്തിന്റെ കൊല്ലം -​ ശബരിമല സകേറ്റിംഗ് യാത്ര പത്തനംതിട്ടയിലെത്തി . സ്‌പോർട്‌സിലൂടെ ആരോഗ്യം നേടൂ ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കൂ, മത സൗഹാർദ്ദ, ശുചിത്വകേരളം സുന്ദര കേരളം എന്നീ സന്ദേശവുമായിട്ടാണ് ചൊവ്വാഴ്ച്ച രാവിലെ ഇരുമുടിക്കെട്ടുമായി സംഘം കൊല്ലത്ത് നിന്ന് യാത്ര പുറപ്പെട്ടത്. കളക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നിൽ കൊല്ലം കോർപ്പറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ആർ.സന്തോഷ്​കുമാർ ഫ്‌ളാഗ് ഒഫ് ചെയ്തു.

ഹൈസ്‌ക്കൂൾ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ,കൊട്ടാരക്കര ഗണപതി ക്ഷേത്രം, അടൂർ വഴി പത്തനംതിട്ടയിലെത്തി കവലയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം സന്ധ്യയോടെ സ്‌കേറ്റിംഗ് സംഘത്തിന്റെ യാത്ര റാന്നി പെരുനാട്ടു എത്തിച്ചേർന്നു. ബുധനാഴ്ച്ച രാവിലെ പെരുനാട്ട് നിന്ന് പുറപ്പെടുന്ന യാത്ര ളാഹ വഴി വൈകിട്ടോടെ പമ്പയിൽ സമാപിക്കും. തുടർന്ന് സ്കേറ്റിംഗ് താരങ്ങൾ കാൽനടയായി ശബരിമല സന്നിധിയിലേക്ക് പോകും.