ഇളമണ്ണൂർ: വിസ്മൃതിയിലായ കായിക വിനോദമായ നാടൻ പന്ത് കളിയെ തിരികെ കൊണ്ട് വരുവാനുള്ള പരിശ്രമത്തിലാണ് ഇളമണ്ണൂരിലെ ഒരു പറ്റം ചെറുപ്പക്കാർ .വർഷങ്ങൾക്ക് മുൻപ് ഇളമണ്ണൂർ കെ.പി.പി.എം ഗ്രൗണ്ട് കേന്ദ്രീകരിച്ച് മുൻഷി പി.പരമു പിള്ളയുടെ നാമധേയത്തിൽ രൂപം കൊണ്ട മുൻഷി ആർട്സ് ആനഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും കേരളത്തിലെ തന്നെ പ്രമുഖ ടീമുകൾ പങ്കെടുത്തിരുന്ന ടൂർണമെന്റുകൾ നടന്ന് വന്നിരുന്നു.എന്നാൽ 15 വർഷമായി ടൂർണമെന്റ് മുടങ്ങുകയും ഈ നാടൻ വിനോദം ഗ്രാമത്തിൽ നിന്ന് പോലും അപ്രത്യക്ഷമായി. പുതിയ തലമുറ ക്രിക്കറ്റിനും ഫുട്ബോളിനും പ്രാധാന്യം നൽകിയതും ഒരു കാലത്ത് കൊയ്തൊഴിഞ്ഞ പാടവരമ്പുകളിൽ പോലും സജീവമായിരുന്ന ഈ വിനോദം വിസ്മൃതിയിലാകാൻ ഒരു കാരണവുമായി. മുൻപ് മുൻഷി ക്ലബ് നടത്തിവന്ന ടൂർണമെന്റുകളിൽ സജീവമായിരുന്ന പ്രവാസി സുഹൃത്തുക്കളായ ബാലാജിയും ബിജുകുമാറും ചേർന്നാണ് തലമുറകളുടെ പാരമ്പര്യമുള്ള ഈ കായിക വിനോദം ഇളമണ്ണൂരിൽ തിരികെ കൊണ്ട് വരുവാനും ടൂർണ്ണമെന്റ് പുന:സംഘടിപ്പിക്കുവാനും പരിശ്രമങ്ങൾ ആരംഭിച്ചത്.ഇതിന് പിന്തുണയേകി പുതുതലമുറയിലെ കുട്ടികളും യുവാക്കളുമടക്കം രംഗത്തെത്തുകയായിരുന്നു. ഇതിന്റെ അദ്യപടിയായി പഴയ ഗ്രൗണ്ട് ലവൽ ചെയ്ത് കളി പുന:രാരംഭിച്ചു. ഇപ്പോൾപന്ത് കളി കാണുവാനും പങ്കാളികളാകാനും വൈകിട്ട് 4 മുതൽ പഴയ കാല കായിക പ്രേമികളടക്കം നിരവധി പേരാണ് എത്തിച്ചേരുന്നത്.അടുത്തപടിയായി സമീപ പ്രദേശങ്ങളിലുള്ള ക്ലബുകളുടെ സഹകരണത്തോടെ നിലച്ച് പോയ ടൂർണമെന്റ് പുന:സഘടിപ്പിക്കുവാനുള്ള അവസാനഘട്ട പരിശ്രമത്തിലാണ് ഈ കൂട്ടായ്മ.
നാടൻ പന്ത് കളി
5 മുതൽ 7 പേരടങ്ങുന്ന രണ്ട് ടീമുകളാണ് മത്സരിക്കുന്നത്. ഒറ്റ, പെട്ട, ചൊരുക്, താളം തുടങ്ങി തലപ്പന്ത് വരെയുള്ള 7 റൗണ്ട് കളിൽ ആദ്യം പൂർത്തിയാക്കുന്ന ടീമിനാണ് വിജയം. തുകൽ ഉപയോഗിച്ച് നിർമ്മിച്ച പന്താണ് കളിക്ക് ഉപയോഗിക്കുന്നത്.