elephant-attack-

ശബരിമല: കാനനപാതയിലൂടെയുള്ള അയ്യപ്പന്മാരുടെ രാത്രികാല യാത്രയ്ക്ക് വനം വകുപ്പിന്റെ കർശന വിലക്ക്. ഇന്നലെ കരിയാലാംതോടിനും കരിമലയ്ക്കും മദ്ധ്യേ കാട്ടാനയുടെ ആക്രമണത്തിൽ ശബരിമല തീർത്ഥാടകൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്റണം കർശനമാക്കിയത്. സന്ധ്യയ്ക്കു മുമ്പ് സന്നിധാനത്തോ പമ്പയിലോ എത്താൻ കഴിയാത്തവർ കരിമല, പുല്ലുമേട് വഴികളിൽ യാത്ര ചെയ്യുന്നത് ഉപേക്ഷിക്കണം. കരിമലയിലേക്കുള്ള പരമ്പരാഗത പാതയായ കോയിക്കൽക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളിൽ നിന്ന് വനത്തിലേക്ക് കടക്കുന്നതും നിരോധിച്ചു.


എരുമേലിയിൽ പേട്ടതുള്ളിയ ശേഷമാണ് അയ്യപ്പന്മാർ പരമ്പരാഗത കാനനപാതയിലൂടെ നടന്നുവരുന്നത്. ഇരുമ്പൂന്നിക്കരയ്ക്കും അഴുതയ്ക്കും മദ്ധ്യേ വനത്തിലൂടെ വൈകിട്ട് ആറിന് ശേഷം നടന്നുപോകാൻ അനുവദിക്കില്ല. വനത്തിലേക്കുള്ള പ്രവേശന കവാടമായ കോയിക്കൽക്കാവ് ചെക്ക്‌പോസ്​റ്റിൽ വൈകിട്ട് ആറിനു ശേഷം തീർത്ഥാടകരെ തടയും. അഴുതക്കടവ് മുതൽ പമ്പ വരെ 22 കിലോമീ​റ്ററുണ്ട്. ഇവിടം കുത്തനെയുള്ള മലയാണ്. മലകയറി സമതലത്തിൽ എത്തണമെങ്കിൽ എട്ടു മണിക്കൂറെടുക്കും. വൈകിട്ട് അഞ്ചരയ്ക്കുമുമ്പ് വലിയാനവട്ടത്ത് എത്തണമെങ്കിൽ കുറഞ്ഞത് ആറുമണിക്കൂർ വേണം. ഇതിനാൽ ഉച്ചയ്ക്ക് 12 നു ശേഷം അഴുത കടവിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. മുക്കുഴി, പുതശേരി, കരിയിലാംതോട്, കരിമല എന്നിവിടങ്ങളിൽ വനത്തിനുള്ളിൽ അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ താവളങ്ങളുണ്ട്. വൈകിട്ട് അഞ്ചായാൽ ഇതിൽ എവിടെയെങ്കിലും ഒന്നിൽ വിരിവയ്ക്കണം. വനത്തിൽ വെളിച്ചമില്ലാത്തതിനാൽ കാട്ടാനകൾ നിന്നാൽ കാണില്ല. മ​റ്റ് വന്യമൃഗങ്ങളും ഈ പ്രദേശങ്ങളിൽ സ്വൈരവിഹാരം നടത്തുന്നുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ
വൈകിട്ട് ആറിനുശേഷം സുരക്ഷിതമല്ലാത്ത ഒരു കാനന പാതയിലൂടെയും സഞ്ചരിക്കരുത്
മൃഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കറുപ്പ്, നീല, ചാരനിറമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക
ശരണം വിളികൾ മാത്രമെ പാടുള്ളു, വാദ്യമേളങ്ങളും ശബ്ദഘോഷങ്ങളും ഒഴിവാക്കണം
വന്യമൃഗങ്ങളുടെ ചിത്രങ്ങളെടുക്കരുത്, സംഘം ചേർന്ന് മാത്രം യാത്ര ചെയ്യുക
എളുപ്പവഴി തേടി പോകരുത്, വഴിയിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കരുത്.
കാട്ടാനയുടെ സാന്നിദ്ധ്യം മനസിലായാൽ അവ പോയെന്ന് ഉറപ്പാക്കിയശേഷം യാത്ര തുടരുക