ശബരിമല: മകരസംക്രമപൂജയ്ക്കും വിളക്കിനും മുന്നോടിയായുള്ള പമ്പ വിളക്കും സദ്യയും 13ന് നടക്കും. എരുമേലിയിൽ പേട്ടതുള്ളി കരിമല കയറി എത്തുന്ന ഭക്തർ പമ്പയിൽ ആചാരപൂർവം നടത്തുന്ന ഈ ചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.
പമ്പാ മണപ്പുറത്താണ് സദ്യ നടത്തുന്നത്. അയ്യപ്പസ്വാമിയും സദ്യയിൽ പങ്കെടുക്കുമെന്നാണ് വിശ്വാസം. വൈകിട്ട് ആറോടെയാണ് പമ്പ വിളക്ക്. മുളയിൽ തീർത്ത ഗോപുരങ്ങളിൽ മൺചെരാതുകൾ കത്തിച്ച് ശരണം വിളികളോടെ പമ്പാനദിയിലേക്ക് ഒഴുക്കുന്നതാണ് ചടങ്ങ്. പ്രളയം തകർത്ത പമ്പാ മണപ്പുറത്ത് ഇത് ഇത്തവണ എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയുണ്ട്.
സന്നിധാനത്ത് മകരസംക്രമ പൂജയ്ക്കും വിളക്കിനും മുന്നോടിയായുള്ള പ്രാസാദ, ബിംബശുദ്ധിക്രിയകൾ എന്നിവ ഇന്ന് തുടങ്ങും. 14ന് രാത്രി 7.52 നാണ് മകരസംക്രമപൂജ. കവടിയാർ കൊട്ടാരത്തിൽ നിന്ന് കന്നി അയ്യപ്പന്മാർ കൊണ്ടുവരുന്ന നെയ്യാണ് ഈ സമയം അഭിഷേകത്തിന് ഉപയോഗിക്കുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി സന്ധ്യയ്ക്ക് ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. അപൂർവമായി മാത്രമാണ് രാത്രിയിലെ സംക്രമം.
12ന് പന്തളത്ത് നിന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് 14ന് വൈകിട്ട് 5ന് ശരംകുത്തിയിൽ സ്വീകരണം നൽകും. എക്‌സി. ഓഫീസർ ഡി. സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വംമന്ത്റി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സോപാനത്തെത്തിക്കും. തുടർന്ന് തന്ത്റി കണ്ഠര് രാജീവരരും മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയും ചേർന്ന് പേടകം ഏറ്റുവാങ്ങി തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും.