ചെങ്ങന്നൂർ: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് ദേവസ്വം ബോർഡ് നൽകിയ വിശദീകരണ നോട്ടീസിൽ മറുപടി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി നിയമോപദേശം തേടും. 22 വരെ സമയമുള്ളതിനാൽ മകരവിളക്കു കഴിഞ്ഞു മാത്രമേ മറുപടി നൽകൂ.
അതിനിടെ, ക്ഷേത്രകാര്യങ്ങളിൽ തന്ത്രിയാണ് പരമാധികാരിയെന്ന് ശബരിമല തന്ത്രി കുടുംബമായ താഴമൺ മഠം പത്രക്കുറിപ്പിൽ പറഞ്ഞു.തന്ത്രിയുടെ അവകാശം ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ സാധിക്കില്ല. തന്ത്രിമാരെ ദേവസ്വം ബോർഡ് നിയമിക്കുന്നതല്ല, താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്നതാണ്.
തന്ത്രിമാർക്ക് പൂജാ കാര്യങ്ങൾക്ക് ദേവസ്വംബോർഡിൽ നിന്ന് ശമ്പളമില്ലെന്നും, ദക്ഷിണ മാത്രമാണ് അവർ സ്വകരിക്കുന്നതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ഓരോ ക്ഷേത്രത്തിനുമുള്ള നിയമങ്ങൾ അതതു ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പങ്ങൾക്ക് അനുസൃതമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്ര പ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും അനുസരിച്ചാണ്. ഇവ സംബന്ധിച്ച് അന്തിമ തീരുമാനത്തിനുള്ള അധികാരം തന്ത്രിയിൽ മാത്രം നിക്ഷിപ്തമാണ്. ഇതു വ്യക്തമാക്കുന്ന സുപ്രീ കോടതി വിധികളും നിലവിലുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് ദു:ഖകരമാണെന്നും താഴമൺമഠം പ്രതികരിച്ചു.