രണ്ടു വില്ലേജ് ഒാഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിട്ട് മാസങ്ങളായി. പരിസരം കാടുകയറിയിട്ടും ഉദ്ഘാടനം വൈകുകയാണ്. പത്തനംതിട്ട, മൈലപ്ര വില്ലേജ് ഒാഫീസുകൾക്കാണ് ഇൗ ഗതികേട്.

>>>>

പത്തനംതിട്ട : പുതിയ ഒാഫീസ് കെട്ടിടത്തിന്റെ പണിപൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വാടക കെട്ടിടത്തിലാണ് ഇപ്പോഴും മൈലപ്ര വില്ലേജ് ഓഫീസ്. തിരുഹൃദയ കത്തോലിക്കാ പള്ളി കോപ്ലക്സിലാണ് ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിയ്ക്കുന്നത്. ഇവിടെ വേണ്ടത്ര സ്ഥല സൗകര്യം ഇല്ല. വാടക കുടിശിക വന്നതോടെ ഒാഫീസ് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഒന്നര വർഷം മുമ്പ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതാണ്. 40 ലക്ഷം രൂപാ വിനിയോഗിച്ച് സ്മാർട്ട് വില്ലേജ് ഓഫീസായി പ്രവർത്തിക്കാനാണ് കെട്ടിടം പണിതത്. പുതിയ കെട്ടിടത്തിന് ചുറ്റം കാടു കയറി, ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി.

>>

'' ഈ മാസം പതിനെട്ടിന് ഉദ്ഘാടനം നടത്താൻ ശ്രമം നടക്കുന്നുണ്ട്. പുതിയകെട്ടിടത്തിലേക്ക് മാറാനുള്ള നടപടി പൂ‌ർത്തിയായി വരുന്നു.''

വില്ലേജ് ഓഫീസർ

മൈലപ്ര

>>>>>>>

പത്തനംതിട്ട: പത്തനംതിട്ട വില്ലേജ് ഓഫീസിനായി നിർമ്മിച്ച കെട്ടിടം പൂർത്തിയായിട്ട് മാസങ്ങളായി. കളക്ടറേറ്റിലെ ഫ്രണ്ട് ഓഫീസിന് സമീപത്തായാണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം. ഒരു വർഷം മുമ്പ് പണികൾ പൂർത്തിയായതാണ്. രണ്ട് നിലകളോടുകൂടിയ കെട്ടിടമാണിത്. താഴത്തെ നില വില്ലേജ് ഓഫീസിനും മുകൾ നില ജീവനക്കാരുടെ ക്വാർട്ടേഴ്സിനുമായി ഉപയോഗിക്കാൻ കഴിയും. ഒരു മാസം മുമ്പ് വൈദ്യുതികരണ ജോലികളും പൂർത്തിയായി. എന്നാൽ ഇപ്പോൾ മുകൾ നിലയിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ വോട്ടിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും സൂക്ഷിച്ചിരിക്കയാണ്. ഇത് കാരണമാണ് ഉദ്ഘാടനം നീളുന്നത്. വോട്ടിംഗ് സാമഗ്രികൾ മറ്റ് എവിടെക്കെങ്കിലും മാറ്റാനും അധികൃതർ തയ്യാറല്ല.

ഇപ്പോൾ കളക്ടറേറ്റിലെ രണ്ടാം നിലയിലെ ഇടുങ്ങിയ രണ്ട് മുറികളിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഒരു മുറി വില്ലേജ് ഓഫീസർക്കും മറ്റേത് ഓഫീസ് ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. മൊത്തം 9 ജീവനക്കാരുമുണ്ട്. മുഴുവൻ പേർക്കും ഇരിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്. ഓഫീസ് ഫയലുകൾ സൂക്ഷിക്കാൻ ഇടമില്ല. ഫയലുകൾ വരാന്തയിൽ സൂക്ഷിക്കേണ്ട ഗതികേടിലാണ്. ജീവനക്കാർക്ക് മുറിയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. വിവിധ ആവശ്യങ്ങളുമായി എത്തുന്നവരും സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുന്നു. പുതിയ കെട്ടിടത്തിലേക്ക് മാറാൻ അനുമതി തേടി ഓഫീസ് അധികൃതർ തഹസീൽദാർക്ക് അപേക്ഷ നൽകിയിരുന്നു. ഓഫീസ് മുറികൾ, വിശ്രമമുറി , ടോയ്‌ലറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് താഴത്തെ നില. പാർക്കിംഗ് സൗകര്യവുമുണ്ട്.

>>>

'' തിരഞ്ഞെടുപ്പ് സാമഗ്രികൾ ഇരിക്കുന്നതിനാൽ അവ നീക്കം ചെയ്യാതെ ഓഫീസ് പ്രവർത്തനം ആരംഭിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലെ പുതിയ കെട്ടിടത്തിലേക്ക് മാറാൻ കഴിയൂ. ''

വില്ലേജ് ഓഫീസർ

പത്തനംതിട്ട