കലഞ്ഞൂർ : കലഞ്ഞൂരിൽ മാലിന്യം തോന്നുംപോലെ തള്ളാം. പഞ്ചായത്തിന്റെ പരിധിയിൽ മാലിന്യം സംസ്‌കരിക്കാൻ യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. കലഞ്ഞൂർ ടൗണിലെ വ്യാപാരശാലകളാണ് യാതൊരു ശുചിത്വവും പാലിക്കാതെ ഓടയിലൂടെയും റോഡിലൂടെയും മാലിന്യം ഒഴുക്കിവിടുന്നത്. ഓടയിൽ കിടക്കുന്ന ജലമാലിന്യങ്ങൾ ഒഴുക്കിവിടാൻ യാതൊരു സൗകര്യവും ചെയ്തിട്ടില്ലാത്തത് അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിനടുത്തുള്ള ചായക്കടയിലെ മലിനജലം റോഡിൽ തളംകെട്ടി നിൽക്കുകയാണ്. ഈ മലിനജലത്തിൽ ചവിട്ടിയാണ് യാത്രക്കാർക്ക് സഞ്ചരിക്കുന്നത്. ഇതേക്കുറിച്ച് ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ടൗണിലെ ചില ഭാഗങ്ങളിൽകൂടി പോകണമെങ്കിൽ മൂക്കുപൊത്തണം. ഓടകൾ മൂടിയിട്ടിരിക്കുന്നതിനാൽ ഇതിനുള്ളിലേക്കാണ് കടകളിൽ നിന്നും വീടുകളിൽ നിന്നും പൈപ്പുകൾ സ്ഥാപിച്ച് മാലിന്യം ഒഴുക്കിവിടുന്നത്. ഇത് കണ്ടെത്താനും പ്രയാസമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.