letter

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ സമരത്തിൽ സജീവപങ്കാളികളായവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിന് പൊലീസ് വിലക്ക്. ഘോഷയാത്രയിൽ പങ്കെടുക്കാൻ ഇവർക്ക് പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല.

ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ദേവസ്വം ബോർഡിന് കത്തു നൽകി. എന്നാൽ, തിരുവാഭരണ പേടകം വഹിക്കുന്ന 22അംഗ സംഘത്തിലും അനുഗമിക്കുന്നവരുടെ കൂട്ടത്തിലും സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചവരും കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും ഉള്ളതിനാൽ പൊലീസ് നിർദേശം പ്രായോഗികമല്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു. അതേസമയം, ഗുരുതര ക്രിമിനിൽ കേസുകളിൽ ഉൾപ്പെട്ടവരെ ഉദ്ദേശിച്ചാണ് കത്തു നൽകിയതെന്ന് പൊലീസ് ചീഫ് ടി. നാരായണൻ പറഞ്ഞു.

തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ പട്ടിക ഇന്നു വൈകിട്ട് നാലിനു മുൻപ് പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിക്കാനാണ് നിർദ്ദേശം. പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ് നൽകുന്നവർക്കു മാത്രമേ ദേവസ്വം ബോർഡ് തിരിച്ചറിയൽ കാർഡ് കിട്ടുകയുള്ളൂ. സമരക്കാരുടെ ചിത്രങ്ങൾ പൊലീസിന്റെ നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പ്രതികളായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് ഇവരെയെല്ലാം ഒഴിവാക്കുന്നത് പുതിയ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കും. ഇന്നും നാളെ ഉച്ചയ്ക്കു മുമ്പായുമാണ് തിരിച്ചറിയൽ കാർഡ് നൽകുക.

തിരുവാഭരണ പേടകവും പല്ലക്കും ചുമക്കുന്നവരെ പന്തളം കൊട്ടാരമാണ് നിശ്ചയിക്കുക. ഇവരുടെ പട്ടികയും പൊലീസിനു നൽകണം. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14നു വൈകിട്ട് ആറിന് സന്നിധാനത്ത് എത്തും. 75 സായുധ പൊലീസുകാർ യാത്രയ്ക്ക് സുരക്ഷയൊരുക്കും. തിരുവാഭരണ പാതയിലുടനീളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.