മല്ലപ്പള്ളി: വിദ്യാലയങ്ങൾ നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ഇവയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അദ്ധ്യാപകർക്കുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. കല്ലൂപ്പാറ പുതുശേരി എം.ജി.ഡി. ഹൈസ്കൂളിന്റെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കുണ്ടാകുന്ന നഷ്ടം മനസിലാക്കാതെ അദ്ധ്യാപകർ തങ്ങളുടെ സൗകര്യം മാത്രം നോക്കുന്ന സമീപമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ന് കണ്ടുവരുന്നത്. വിദ്യാലയങ്ങളുടെ വികസനത്തിന് നാടിന്റെ കൈതാങ്ങും ആവശ്യമാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു. സ്കൂൾ മാനേജർ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപൊലീത്താ അദ്ധ്യക്ഷനായിരുന്നു. മാത്യൂസ് മാർ തേവോദോസിയോസ് സന്ദേശം നൽകി. ശതാബ്ദി സ്മരണിക അഡ്വ. മാത്യു. ടി തോമസ് എം.എൽ.എയും എൻഡോമെന്റ് മെറിറ്റ് അവാർഡ് വിതരണ ഉദ്ഘാടനം ജോസഫ് എം.പുതുശേരിയും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റെജി തോമസും നിർവഹിച്ചു. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ, ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മനുഭായി മോഹൻ, കോശി പി. സഖറിയ, പഞ്ചായത്ത് അംഗങ്ങളായ എബി മേക്കരിങ്ങാട്, ഡെയ്സി വർഗീസ്, ഫാ. കെ.വി. തോമസ്, ഹെഡ്മാസ്റ്റർ മോൺസി ജോൺ, സി.എൻ. രമേശ്, സീജമ്മ ജോസഫ്, എ.സി. വർഗീസ്, ഉഷാ മേരി വർഗീസ്, എ.മുരുകൻ, റോയി കെ. ഫിലിപ് എന്നിവർ സംസാരിച്ചു.