ശബരിമല: മകരവിളക്കിന് ഒരു ദിവസം മാത്രം ശേഷിക്കെ സന്നിധാനം ഭക്തിസാന്ദ്രം. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് ഇന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര മകരവിളക്കു ദിനമായ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സന്നിധാനത്ത് എത്തുക.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും സമരങ്ങളെയും തുടർന്ന് കുറച്ചു ദിവസം തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞിരുന്നെങ്കിലും,​ മകരവിളക്ക് അടുത്തതോടെ സ്ഥിതി മാറി. മകരവിളക്ക് ഉത്സവത്തിന് നട തുറക്കുമ്പോൾ മരക്കൂട്ടം മുതൽ മുമ്പ് പന്ത്രണ്ടു മണിക്കൂർ വരെ നീളുന്ന ക്യൂ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ അത്രത്തോളം കാത്തുനില്പ് വേണ്ടിവരുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ വരവ് കൂടിയതിനൊപ്പം മലയാളികളും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

മകരവിളക്കിനു നട തുറന്നപ്പോൾ മുതൽ ദിവസവും ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തുന്നുണ്ട്. രണ്ടു ദിവസമായി നടന്ന പൊതുപണിമുടക്കിന് കെ.എസ്.ആർ.ടി.സിയുടെ ശബരിമല സ‌ർവീസുകൾക്ക് മുടക്കമുണ്ടായില്ലെങ്കിലും തിരക്ക് കുറവായിരുന്നു.

പാണ്ടിത്താവളം ഉൾപ്പെടെ മകരവിളക്കു ദർശിക്കാൻ കഴിയുന്ന ഇടങ്ങളിലെല്ലാം പർണ്ണശാലകൾ കെട്ടി ഭക്തർ തമ്പടിക്കുന്നതാണ് പതിവ്. പമ്പ, പുല്ലുമേട് വഴി വരുന്ന ഭക്തർക്ക് ഇത്തവണ ഭക്ഷണസാധനങ്ങളും പാചകത്തിനുള്ള പാത്രങ്ങളും കൊണ്ടുവരുന്നതിന് പൊലീസ് വിലക്കുണ്ട്.

മകരവിളക്കിനു മുന്നോടിയായി ഹൈക്കോടതി നിരീക്ഷകസമിതി അംഗങ്ങളിൽ ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി. എ.ഹേമചന്ദ്രൻ എന്നിവർ നിലയ്ക്കലും പമ്പയിലും എത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസും കമ്മിഷണർ എൻ. വാസുവും സന്നിധാനത്തുണ്ട്. ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഇന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാളെയും സന്നിധാനത്തെത്തും.