അടൂർ: കാട്ടു തേനീച്ച ശല്യത്തിൽ പൊറുതി മുട്ടുകയാണ് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി കോളേജ്. പ്രധാന കെട്ടിടത്തിലെ ഏറെ ഉയരത്തിൽ ഉള്ള ഭിത്തിയിൽ ഇരുനൂറോളം ചെറുതും വലുതുമായ കൂടുകൾ നിർമിച്ച് തേനീച്ചകൾ താവളമാക്കിയിരിക്കുന്നു. മുമ്പ് ഭീമമായ തുക മുടക്കി പല തവണ കൂടുകൾ നീക്കം ചെയ്തതാണ്. എന്നാൽ മാസങ്ങൾക്കകം ഇവ പഴയ അവസ്ഥയിൽ തിരികെ എത്തി. ആയിരത്തോളം വിദ്യാർത്ഥികളും ഇരുനൂറോളം ജീവനക്കാരും ഉള്ള കോളേജിൽ തേനീച്ചകൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല. കോളേജിലെ ക്ലാസുകൾക്ക് പുറമെ വിവിധ പൊതു പരീക്ഷകൾ നടക്കുന്ന കേന്ദ്രം കൂടിയാണിവിടം. നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് വിവിധ പരീക്ഷകൾക്കായി ക്യാമ്പസിൽ ദിനംപ്രതി വന്നു പോകുന്നത് . മുപ്പതിൽ അധികം തവണ തേനീച്ച കൂടുകൾ നീക്കം ചെയ്തിട്ടും വീണ്ടും കൂടു കൂട്ടുന്നതിനാൽ പ്രശ്‌നത്തിന് പ്രതിവിധി തേടി റവന്യൂ അധികാരികളെ സമീപിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തേനീച്ചകളെ ശാശ്വതമായി നീക്കാൻ അറിയാവുന്നവരുടെ സഹായവും കോളേജ് അധികൃതർ തേടുന്നുണ്ട്.