പന്തളം: മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു.
വൃശ്ചികം ഒന്നു മുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ 4ന് ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തിച്ചു. രാവിലെ 11ന് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം അധികൃതരും ചേർന്ന് പന്തളം വലിയതമ്പുരാൻ രേവതിനാൾ പി. രാമവർമ്മരാജയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെ ഘോഷയാത്രയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു.
രാജപ്രതിനിധി പി. രാഘവവർമ്മരാജയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ പേടകവാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചയ്ക്ക് 12.15ന് തിരുവാഭരണ വാഹക സംഘത്തിന് വലിയ തമ്പുരാൻ വിഭൂതി നൽകി അനുഗ്രഹിച്ചതോടെ പ്രത്യേക പൂജകൾക്കായി ക്ഷേത്രനട അടച്ചു.
മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജിച്ച് നല്കിയ ഉടവാൾ വലിയ തമ്പുരാൻ തിരുവാഭരണഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് കൈമാറി. മേൽശാന്തി പേടകത്തിന് നീരാഞ്ജനമുഴിഞ്ഞ് ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് രാജപ്രതിനിധി പല്ലക്കിലേറി യാത്ര തിരിച്ചു. പിന്നാലെ ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി യാത്രയായി. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവൻപിള്ളയും, ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും അനുഗമിച്ചു.
ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരും ദേവസ്വം അധികൃതരും ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസി. കമൻഡാന്റ് കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള 75 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്ക്വാഡും ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കുന്നുണ്ട്.
നാളെ ഘോഷയാത്ര നീലിമലയും അപ്പാച്ചിമേടും കടന്ന് ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. പതിനെട്ടാംപടി കയറി എത്തുന്ന ഗുരുസ്വാമിയിൽ നിന്ന് മേൽശാന്തിയും തന്ത്രിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിൽ ചാർത്തും.