tvla-road

തിരുവല്ല: ലക്ഷങ്ങൾ മുടക്കി ആറു ദിവസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് വീണ്ടും തകർന്നു. നഗരമദ്ധ്യത്തിലെ പ്രധാന പാതയായ വൈ. എം.സി.എ ​ റെയിൽവേ സ്റ്റേഷൻ റോഡിനാണ് ഈ ദുർഗതി. കല്ലിശ്ശേരിയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി മൂന്നു മാസം മുമ്പാണ് വൈ.എം.സി.എ മുതൽ ദീപാ ജംഗ്ഷൻ വരെയുള്ള റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പ് സ്ഥാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും റോഡിൽ അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് ഉയർന്ന പ്രതിക്ഷേധങ്ങൾക്കൊടുവിലാണ് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ ആഴ്ച പണികൾ പൂർത്തിയാക്കിയത്. പക്ഷേ നിർമാണം നടത്തി രണ്ടാം നാൾ മുതൽ റോഡിന്റെ പല ഭാഗത്തും ടാറിംഗ് തകർന്ന് വീണ്ടും കുഴികൾ രൂപപ്പെട്ടു. അറ്റകുറ്റപ്പണിയുടെ പേരിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയത് തട്ടിക്കൂട്ട് പണിയാണെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ പൈപ്പ് സ്ഥാപിക്കുന്നതിനായി ഒരു മീറ്റർ വീതിയിൽ കുഴിയെടുക്കാൻ മാത്രമാണ് അനുവാദം നൽകിയതെന്നും ജലവിതരണ വകുപ്പ് കൂടുതൽ വീതിയിൽ റോഡ് വെട്ടിപ്പൊളിച്ചുവെന്നുമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം.

തകർച്ചയ്ക്ക് കാരണം

പൈപ്പ് സ്ഥാപിച്ച കുഴി ശാസ്ത്രീയമായ തരത്തിൽ മൂടാത്തതുമൂലം വാഹനങ്ങൾ കയറിയിറങ്ങുന്ന മർദത്താൽ പൈപ്പിൽ ചോർച്ചയുണ്ടായതാവാം റോഡിന്റെ തകർച്ചക്ക് കാരണമായതെന്നുമാണ് മരാമത്ത് വകുപ്പിന്റെ വാദം.