ശബരിമല: വിഷു ഉത്സവം മുതൽ മുഴുവൻ ഭക്തർക്കും നിലയ്‌ക്കൽ - പമ്പ യാത്ര സൗജന്യമാക്കാൻ ദേവസ്വം ബോ‍ർഡ് ആലോചിക്കുന്നതായി പ്രസിഡന്റ് എ. പത്മകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാരുമായി ആലോചിച്ച്‌ അന്തിമ തീരുമാനമെടുക്കും. ആദ്യഘട്ടത്തിൽ അമ്പത് ബസുകൾ ഓടിക്കാനാണ് പദ്ധതി. ദേവസ്വം ബോർഡ് നേരിട്ടാകില്ല സർവീസ് നടത്തുക. വാഹനങ്ങൾ ലഭ്യമാക്കാമെന്ന് സന്നദ്ധ സംഘടനകൾ വാഗ്‌ദാനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കെ.എസ്.ആർ ടി.സിയുടെ നഷ്ടമല്ല ഭക്തരുടെ ലാഭമാണ് പ്രധാനം. നടവരവ് കുറഞ്ഞതിൽ ആശങ്കയില്ല. സർക്കാരിന്റെ പണം കൂടി ഉപയോഗിച്ചാണ് ശബരിമലയിൽ വികസനം നടക്കുന്നത്. നടവരവ് കുറയ്‌ക്കാൻ ആസൂത്രിത നീക്കം നടത്തിയവർ എത്ര ശ്രമിച്ചാലും പരമാവധി നൂറ് കോടി രൂപയുടെ കുറവുണ്ടാക്കാനേ കഴിയൂ. പകരം ഇരുനൂറ് കോടി രൂപ സർക്കാർ തരുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം സുപ്രീംകോടതി

വിധിക്ക് ശേഷം

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഹർജി നൽകിയിട്ടില്ല. 22ന് സുപ്രീംകോടതി വിധി വന്ന ശേഷം യുവതീ പ്രവേശനത്തിൽ അഭിപ്രായം പറയും. ആചാരവും ആചാരവിരുദ്ധവും എന്തൊക്കെയാണെന്ന് കാലാകാലങ്ങളിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ട കാര്യമാണ്. വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം നിർമ്മിച്ചതിന് ശേഷം പുതിയ നിർമ്മിതികൾ പാടില്ലെന്നാണ് ആചാരം. ഇൗ ചുറ്റളവിൽതൊട്ട് ഇത്രയധികം കെട്ടിടങ്ങൾ നിർമ്മിച്ചത് ആചാരവിരുദ്ധമാണ്. ഭസ്മക്കുളവും മണിക്കിണറും പുനർനിർമ്മിക്കുകയാണ് ബോർഡിന്റെ ആഗ്രഹമെന്നും എ. പത്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി. ശങ്കരദാസ്, അഡ്വ. എൻ. വിജയകുമാർ, ദേവസ്വം കമ്മിഷണർ എൻ. വാസു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.