കോട്ടാങ്ങൽ: മഹാഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് കുളത്തൂർ കരക്കാരുടെ വലിയ പടയണി നടക്കും. ഇന്ന് വൈകിട്ട് 4ന് കുളത്തൂർ ദേവി ക്ഷേത്രം, വെള്ളാവൂർ എസ്.എൻ.യു.പി സ്‌കൂൾ എന്നിവടങ്ങളിൽ നിന്നും തുടങ്ങുന്ന ഘോഷയാത്രകൾ പുത്തൂർ കടവിൽ സംഗമിച്ച് ക്ഷേത്രത്തിൽ എത്തി ചേരുന്നു. തുടർന്ന് രാത്രി 8ന് തിരു മുൻപിൽ വേല നടക്കും. സർവ ആഭരണ വിഭൂഷിതരായി, വാളും പരിചയും ഏന്തി, തപ്പു , ചെണ്ട, കൈ മണി എന്നീ വാധ്യങ്ങളുടെ അകമ്പടിയോടെ കുട്ടികൾ നടത്തുന്ന വേല കളി ജഗദംബികയായ കോട്ടാങ്ങൽ അമ്മക്ക് ഏറ്റവും ഇഷ്ടപെട്ട ചടങ്ങ് എന്ന് കരക്കാർ വിശ്വസിക്കുന്നു.കരയുടെ വിവിധ പ്രദേശങ്ങളിൽ പെട്ട കൊച്ചു കുരുന്നുകൾ തദേശീയരായ ആശാന്മാരുടെ കീഴിൽ അഭ്യസിച്ചു തുള്ളുന്നു എന്നത് സവിശേഷതയാണ്. തുടർന്ന് തിരു മുൻപിൽ പറ നടക്കുന്നു. രാത്രി പന്ത്രണ്ടര മണിയോടെ വലിയ പടയണി ചടങ്ങുകൾ ആരംഭിക്കും. ദേവിയുടെ രൂപം അനുസ്മരിപ്പിച്ചു കളത്തിൽ എത്തുന്ന 101 പാള ഭൈരവി കോലം കാണികളിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. തുടർന്ന് 64,32,16 പാള ഭൈരവികൾ, യക്ഷി,അരക്കി യക്ഷി, പക്ഷി,മറുത, കൂട്ട മറുത,കാലൻ എന്നീ കോലങ്ങൾ , വിനോദങ്ങൾ എന്നിവ കളത്തിൽ എത്തുന്നു.മഹാ മൃത്യുഞ്ജയ ഹോമത്തിനു തുല്യമായ കാലൻ കോലം പുലർച്ചെ നാലു മണിയോടെ കളത്തിൽ എത്തുന്നു. കുളത്തൂർ കരയുടെ വലിയ പടയണി ചടങ്ങുകൾ തീരുന്നതോടെ കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുന്നു. നാളെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി നടക്കും.
കോട്ടാങ്ങൽ പടയണിയിൽ കുളത്തൂർ കരയുടെഅടവയിൽ കളത്തിലെത്തിയ കോലം
വലിയ പടയണി സുരക്ഷാ ക്രമീകരണങ്ങൾ
വലിയ പടയണിയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പൊലീസ് ക്ഷേത്രവും പരിസരവും റോഡുകളും സി.സി.ടി.വി കാമറ സ്ഥാപിച്ചു. കോട്ടാങ്ങൽ ജംഗ്ഷൻ മുതൽ പുത്തൂപ്പടി വരെ 14,15 തീയതികളിൽ വാഹന പാർക്കിംഗ് നിരോധിച്ചു. നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുനമെന്നും പൊലീസ് അറിയിച്ചു. മദ്യം-ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും കണ്ടെത്താൻ മഫ്ടി പൊലീസ് , എക്സൈസ് സ്വാഡുകൾ ഉണ്ടാകും. പടയണി ഉത്സവത്തിന്റെ നടത്തിപ്പിനായി പൊലീസിന്റെയും ക്ഷേത്രം ഭാരവാഹികളുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിയമ സംഘനം നടത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും പെരുമ്പട്ടി പൊലീസ് അറിയിച്ചു.