p-susheela

ശബരിമല : 'പൊന്നമ്പല നടതുറക്കൂ

സ്വർണ ദിപാവലി തെളിക്കൂ'

ജനകോടികളുടെ ശരണം വിളികൾ
പ്രളയം പോലെ ഉയർന്നൂ "

മലയാളത്തിന്റെ ഗാനകോകിലം ഡോ. പി. സുശീല അയ്യപ്പസന്നിധിയിൽ നിന്ന് പാടിയപ്പോൾ സദസ് ഭക്തിസാന്ദ്രമായി. സംസ്ഥാന സർക്കാരിന്റെ എട്ടാമത് ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങിയശേഷമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരം വർഷങ്ങൾക്ക് മുൻപ് പാടി അനശ്വരമാക്കിയ അയ്യപ്പഭക്തിഗാനം സുശീല അയ്യപ്പസന്നിധിയിൽ ഇതാദ്യമായി ആലപിച്ചത്. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനവും സദസിന് മുൻപാകെ പാടി. ഹരിവരാസന പുരസ്കാരം നെഞ്ചോട് ചേർത്തു പിടിച്ച് പ്രിയഗായിക അല്പനേരം കണ്ണടച്ച് നിന്നു. ഇതുവരെ തനിക്ക് ലഭിച്ച പുരസ്കാരങ്ങളെക്കാൾ വിലമതിക്കുന്നതാണ് ഹരിവരാസന പുരസ്കാരമെന്നും അവർ പറഞ്ഞു. സന്നിധാനത്തെ വലിയ നടപ്പന്തലിൽ ഹരിവരാസന പുരസ്കാരം പി. സുശീലയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നൽകിയത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പി. സുശീലയ്ക്ക് ഈ പുരസ്കാരം നൽകാൻ ലഭിച്ച അവസരം ഭാഗ്യമായി കാണുന്നെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മിഷണർ എൻ. വാസു പ്രശസ്തിപത്രം വായിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരിജിത്ത് പസായത്ത്, ഒാംബുഡ്സ്മാൻ പി.ആർ. രാമൻ, ഉന്നതാധികാരസമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ, ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി. ശങ്കരദാസ്, അഡ്വ. എൻ. വിജയകുമാർ, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ പ്രസംഗിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സ്വാഗതവും ചീഫ് എൻജിനിയർ ശങ്കരൻപോറ്റി നന്ദിയും പറഞ്ഞു.