അടൂർ: ഹർത്താലുമായി ബന്ധപ്പെട്ട് അടൂരിൽ ബോംബേറ് നടത്തിയ കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. താലൂക്ക് കാര്യവാഹക് പയ്യനല്ലൂർ - ഇളംപള്ളിൽ കൈമവിളയിൽ അഭിലാഷ് (34), താലൂക്ക് കാര്യ കാര്യ സദസ്യൻ കരുവാറ്റ ശാന്തവിലാസം അരുൺശർമ (35), ബി.ജെ.പി അടൂർ മണ്ഡലം സെക്രട്ടറി പെരിങ്ങനാട് തെക്കുംമുറി ശരത് ഭവനിൽ ശരത് ചന്ദ്രൻ (33), പെരിങ്ങനാട് മണ്ഡലം കാര്യവാഹക് അമ്മകണ്ടകര അനീഷ് ഭവനത്തിൽ അനീഷ് (27), ആർ.എസ്.എസ് പ്രവർത്തകൻ ചേന്ദംപള്ളി ചാമതടത്തിൽ തെക്കേതിൽ രാകേഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിന്റെ വീടിന് നേരെ ആക്രമണം നടത്തിയവരും ഇവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മൂന്നിന് നടന്ന ഹർത്താൽ അക്രമണങ്ങളുടെ തുടർച്ചയായി നാലിനാണ് ബോംബേറ് ഉണ്ടായത്. രാവിലെ 11.30ന് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള സ്കൈ മൊബൈൽ ഷോപ്പ്, വൈകിട്ട് 6ന് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ അബ്ദുൽ സലാമിന്റെ പിതാവ് നടത്തുന്ന വ്യാപാര സ്ഥാപനം, രാത്രി 9.45ന് സി.പി. എം ഏരിയാകമ്മിറ്റി അംഗം പി.രവീന്ദ്രന്റെ മൂന്നാളത്തെ വീട്. എന്നിവിടങ്ങളിലാണ് ബോംബേറ് ഉണ്ടായത്.
മൊബൈൽ കടയിൽ ഉണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.
പൊലീസ് പറയുന്നത്
കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ആക്രമണത്തിന് പിന്നിലുണ്ട്. ബോംബ് അടൂരിൽ എത്തിച്ചത് ക്ഷേത്രത്തിലെ ശാന്തിക്കാരൻ കൂടിയായ അരുൺശർമയാണ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതി പ്രവീണിന്റെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ട്.
പഴകുളത്തെ വ്യാപാരസ്ഥാപനത്തിന് ബോബെറിഞ്ഞത് ശരത്തും അരുൺശർമയും ചേർന്നാണ്. മൂന്നാളത്ത് വീട്ടിലേക്ക് ബോംബെറിഞ്ഞത് അരുൺശർമയും അഭിലാഷുമായിരുന്നു. മൊബൈൽ കടയിലേക്ക് ബോംബെറിഞ്ഞയാൾ ഒളിവിലാണ്. ഇവിടെ ആക്രമണം ആസൂത്രണം ചെയ്തത് അഭിലാഷും അരുൺശർമയും ശരതും ചേർന്നാണ്. അറസ്റ്റിലായ അഞ്ച് പേരും ബോംബേറിൽ നേരിട്ട് പങ്കെടുത്തവരാണ്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
ബോബ് നിർമിച്ചതെവിടെ, അരുൺശർമയ്ക്ക് നൽകിയതാര് തുടങ്ങിയ കാര്യങ്ങൾ ഇനി അന്വേഷിച്ച് കണ്ടെത്താനുണ്ട്. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകും.
വിവിധ ക്രിമിനൽ കേസ് പ്രതികൾ
അടൂരിൽ നടന്ന ആക്രമണങ്ങളിൽ ഇതുവരെ 33 ബി.ജെ.പി പ്രവർത്തകരെയും 5 ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. 33 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
അറസ്റ്റിലായ അഞ്ച് പേർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അടൂർ ഡിവൈ.എസ്.പി ആർ.ജോസ്, സി.ഐ ജി.സന്തോഷ്കുമാർ, എസ്. ഐ ബി.രമേശൻ, എസ്.ഐ ശ്രീജിത്ത് ബി.എസ്, എ.എസ്.ഐ അജുശാമുവൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.