t-p-senkumar


പന്തളം: സുപ്രീംകോടതി വിധിയുടെ പേരിൽ ശബരിമലയിൽ സർക്കാരും ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിയത് നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ നടത്തുന്ന ആചാരലംഘനത്തിനെതിരെ പന്തളത്ത് മുൻ ഡി.ജി.പിമാരുടെ നേതൃത്വത്തിൽ നടത്തിയ നാമജപ ഉപവാസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പിൻഗാമികൾ ശബരിമലയിൽ ചെയ്ത തെറ്റുകൾക്ക് പ്രയാശ്ചിത്തമായാണ് ഉപവാസം.സെൻകുമാറിനു പുറമേ മുൻ ഡി.ജി.പി ഇ.പി. ചന്ദ്രശേഖരനും പങ്കെടുത്തു.
ഇരുളിന്റെ മറവിൽ അവിശ്വാസികളെ കൊണ്ടുപോയി വീഡിയോ എടുത്തു പ്രചരിപ്പിച്ചതും രഹ്നാ ഫാത്തിമയെപ്പോലുള്ളവരെ പൊലീസ് യൂണിഫോം അണിയിച്ചു വൻ സുരക്ഷ നല്കി സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചതും ചിലരുടെ പ്രത്യേക ആഗ്രഹപ്രകാരമാണെന്ന് സെൻകുമാർ പറഞ്ഞു.

നട്ടെല്ലും മാന്യതയുമില്ലാത്ത ചില ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആചാരങ്ങൾ പാലിച്ചുവരുന്ന എല്ലാ വിശ്വാസികൾക്കും ദർശനം നടത്താം എന്നാണ്‌ സുപ്രീം കോടതി വിധി. ഇത് നടപ്പാക്കണമെന്നുള്ള ഉത്തരവല്ല. അതിനാൽ, ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിച്ചു കലാപത്തിന് ശ്രമിച്ചവർക്കെതിരെ കേസെടുക്കണം. മജിസ്ട്രേട്ടിന്റെ അനുമതിയോടെ വനിതാ ഓഫീസർ വേണം രാത്രിയിൽ സ്ത്രീകളെ അറസ്റ്റു ചെയ്യാൻ എന്ന നിയമം ലംഘിച്ചാണ് ദർശനത്തിനെത്തിയ കെ.പി.ശശികലയെ അറസ്റ്റു ചെയ്തതെന്നും സെൻകുമാർ പറഞ്ഞു.

യുവതികളെ ശബരിമലയിൽ കയറ്റാൻ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് നിയമത്തെക്കുറിച്ച് അവബോധമില്ലാത്തതിനാലാണെന്ന് അദ്ധ്യക്ഷത വഹിച്ച മുൻ ഡി.ജി.പി ഇ.പി. ചന്ദ്രശേഖരൻ പറഞ്ഞു.ഇവർ രണ്ടുപേർക്കും പുറമേ, റിട്ട. ഡിവൈ.എസ്. പിമാരായ ഗോപാലകൃഷ്ണപിള്ള, രഘുനാഥൻ നായർ എന്നിവരും പങ്കെടുത്തു.

പന്തളം വലിയ കോയിക്കൽ ശാസ്താ ക്ഷേത്രത്തിലാണ് ഇന്നലെ നിലവിളക്കു കൊളുത്തി ശരണം വിളിച്ച് ഉപവാസം നടത്തിയത്. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ. നാരായണ വർമ്മ, പറവൂർ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, പന്തളം നഗരസഭാംഗം കെ.ആർ. രവി എന്നിവർ പ്രസംഗിച്ചു..